എസ് ഹർഷ|
Last Modified തിങ്കള്‍, 26 നവംബര്‍ 2018 (16:11 IST)
ഇന്ത്യയുടെ നാൽപ്പത്തിയൊമ്പതാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മമ്മൂട്ടിയുടെ പേരൻപ് പ്രദർശിപ്പിച്ചു. ദേശീയ അവാർഡ് ജേതാവായ റാമും അഭിനയത്തിന്റെ കുലപതി മമ്മൂട്ടിയും ചേർന്നപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ആസ്വാദനത്തിന്റെ മറ്റൊരു തലമായിരുന്നു.
കഴിഞ്ഞ കുറെ വർഷങ്ങളായി മമ്മൂട്ടിയെന്ന മഹാനടന്റെ അഭിനയ സാധ്യതകൾ വ്യക്തമാക്കുന്ന സിനിമകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. 2015ൽ പുറത്തിറങ്ങിയ പത്തേമാരി ഒഴിച്ച്. കുറച്ച് കാലം മയക്കത്തിലായിരുന്നു ആ മനുഷ്യൻ ഇപ്പോൾ ഉയർത്തെഴുന്നേറ്റിരിക്കുകയാണ്. പേരൻപിലൂടെ.
മലയാളികൾക്കും ഇന്ത്യൻ സിനിമയ്ക്കും അഭിമാനമായി മാറുകയാണ് മമ്മൂട്ടി. അതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇഫിയിൽ പേരൻപിന്റെ ഇന്നലെ നടന്ന പ്രദർശനവും ഇനി നാളെ ഒന്നുകൂടി നടക്കാനിരിക്കുന്ന പ്രദർശനവും. പ്രേക്ഷകരുടെ അവശ്യപ്രകാരം
സിനിമ ഒരിക്കൽ കൂടി മേളയിൽ പ്രദർശിപ്പിക്കും.
അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരൻപ്. പത്തേമാരി എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയുടെ ഉജ്ജ്വല തിരിച്ച് വരവ് തന്നെയായിരുന്നു പേരൻപിൽ. അതിന് ഒരു തമിഴ് സംവിധായകൻ വേണ്ടി വന്നു. ഇടിയും അടിയും കുത്തിനിറച്ച് മാസ് പടങ്ങളുടെ പിന്നാലെ ഓടുന്ന മലയാളത്തിലെ സംവിധായകർ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു റാമിനെയൊക്കെ.
മമ്മൂട്ടിയുടെ ഉള്ളുതൊടുന്ന ശബ്ദത്തിലൂടെയാണ് അമുദവന്റേയും പാപ്പയുടെയും കഥ സംവിധായകൻ പറയുന്നത്. തുടക്കം മുതലൊടുക്കം വരെ മനസ്സ് നീറ്റുന്ന അനുഭവമാണ് പേരൻപ്. കണ്ണ് നിറയും പലപ്പോഴും ചിലപ്പോൾ കൺതടങ്ങളിൽ നിന്നും അവ പുറത്തേക്ക് കുത്തിയൊലിക്കും. പക്ഷേ ജീവിതത്തിൽ കണ്ണുനീരിന് യാതോരു സ്ഥാനവുമില്ലെന്നാണ് ഒടുക്കം ചിത്രം നമുക്ക് കാണിച്ച് തരുന്നത്.
മമ്മൂട്ടിയെന്ന അഭിനയ കുലപതിയെ വർണിക്കാതിരിക്കാൻ ആകില്ല. പ്രദർശനത്തിന് ശേഷം സംവിധായകർ റാം പറയുന്നതിങ്ങനെ മമ്മൂട്ടിയുടെ അമരം പോലുള്ള ചിത്രങ്ങൾ ഒരുപാട് കണ്ടൊരാളാണ് ഞാൻ. ഈ തിരക്കഥയെഴുതുമ്പോൾ അമുദവനായി മമ്മൂട്ടി മാത്രമായിരുന്നു എന്റെ മനസ്സിൽ. അദ്ദേഹമില്ലായിരുന്നുവെങ്കിൽ പേരൻപ് ഉണ്ടാകുമായിരുന്നില്ല. മമ്മൂട്ടി മലയാളികളുടെ മാത്രമല്ല, ഞങ്ങളുടേത് കൂടിയാണ്, ഇന്ത്യൻ സിനിമയുടെ മുഖമാണ് അദ്ദേഹം.’ എന്ന റാമിന്റെ വാക്കുകൾ കേട്ട് കോരിത്തരിക്കാതിരിക്കാൻ ഒരു മലയാളികൾക്ക് സാധിച്ചേക്കില്ല.
മമ്മൂട്ടിക്കൊപ്പം ഉയരുകയാണ് പാപ്പയായി വേഷമിട്ട സാധനയും. അഭിനയത്തിൽ മറ്റ് നടിമാർ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു ഈ കൊച്ചുമിടുക്കിയെ. അമുദവനും, അമുദവന്റെ പാപ്പയും നമ്മുടെ മനസിനെ തൊട്ടുകൊണ്ടെയിരിക്കും. ചിലപ്പോൾ വേദനിപ്പിച്ച് കോണ്ടേയിരിക്കും.