എം പി ജയദേവ്|
Last Updated:
ശനി, 5 നവംബര്‍ 2016 (14:00 IST)
പുലിമുരുകന്‍ കയറിയ കരിമ്പിന്‍കാടാണ് ഇപ്പോള്‍ മലയാള സിനിമ. റെക്കോര്‍ഡായ റെക്കോര്‍ഡെല്ലാം പുലി അടിച്ചെടുത്തു. കളക്ഷന്‍ 100 കോടിയിലേക്ക് ഉടന്‍ തന്നെ കടക്കുമെന്നാണ് പ്രതീക്ഷ. അതിനിടെയാണ് പുലിയെ വെല്ലാന്‍ ഒരു കടുവയുമായി സംവിധായകന്‍ ജോസ് തോമസും കൂട്ടരും എത്തിയിരിക്കുന്നത്. ബിജുമേനോന്‍ നായകനായ ‘സ്വര്‍ണ കടുവ’.
മായാമോഹിനി, ശൃംഗാരവേലന്‍, മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍ തുടങ്ങിയ മെഗാഹിറ്റുകളുടെ സംവിധായകനാണ് ജോസ് തോമസ്. മറ്റൊരു മായാമോഹിനി പ്രതീക്ഷിച്ച് പ്രേക്ഷകര്‍ തിയേറ്ററുകളിലെത്തും എന്നതില്‍ സംശയമില്ല. മറ്റൊരു വെള്ളിമൂങ്ങ പ്രതീക്ഷിച്ച് ബിജുമേനോന്‍ ആരാധകരും എത്തും. എന്നാല്‍ എല്ലാവരെയും നിരാശയിലാഴ്ത്തുന്ന ഒരു സിനിമയാണ് ‘സ്വര്‍ണ കടുവ’ എന്ന് പറയാതെ തരമില്ല.
ബാബു ജനാര്‍ദ്ദനനാണ് സ്വര്‍ണ കടുവയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അച്ഛനുറങ്ങാത്ത വീടും വാസ്തവവുമൊക്കെ സമ്മാനിച്ച ബാബു ജനാര്‍ദ്ദനന്‍ ഇത്തവണ ഒരു കോമഡി ത്രില്ലറാണ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ 104 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
റിനി ഈപ്പന്‍ മാട്ടുമ്മേല്‍ എന്ന കൌശലക്കാരനായ നായകനായാണ് ബിജു മേനോന്‍ വരുന്നത്. ലോനപ്പന്‍ എന്ന കഥാപാത്രമായി ഇന്നസെന്‍റും ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ലോനപ്പന്‍റെ വിശ്വസ്തനാണ് റിനി. എന്നാല്‍ പണത്തിനുവേണ്ടി എന്തും ചെയ്യുന്ന റിനി ലോനപ്പനെപ്പോലും പലപ്പോഴും പറ്റിക്കുന്നുണ്ട്.
ഇരുവരും ചെന്നുചാടുന്ന ഒരു വലിയ കുഴപ്പവും റിനി അതില്‍ നിന്ന് എങ്ങനെ മുതലെടുക്കാന്‍ ശ്രമിക്കുന്നു എന്നതുമൊക്കെയാണ് ചിത്രത്തിന്‍റെ പ്രമേയം. നല്ല എന്‍റര്‍ടെയ്നറുകള്‍ സമ്മാനിച്ചിരുന്ന ജോസ് തോമസ് ഇത്തവണ നിരാശപ്പെടുത്തിയിരിക്കുകയാണ്. ചിരിപ്പിക്കുകയോ ത്രില്ലടിപ്പിക്കുകയോ ചെയ്യാത്ത ഒരു കോമഡി ത്രില്ലറാണ് സ്വര്‍ണ കടുവ.
വിശ്വസനീയമായ ഒരു കഥ മെനഞ്ഞെടുക്കുന്നതിലും അത് ഫലപ്രദമായി അവസാനിപ്പിക്കുന്നതിലും ബാബു ജനാര്‍ദ്ദനനും പരാജയപ്പെട്ടിരിക്കുന്നു. ആദ്യപകുതി അല്‍പ്പമെങ്കിലും ആശ്വാസകരമാണെങ്കില്‍ രണ്ടാം പകുതിയില്‍ കടുവ നിലതെറ്റി അലയുകയാണ്,
ബിജു മേനോന്‍റെയും ഇന്നസെന്‍റിന്‍റെയും തകര്‍പ്പന്‍ പ്രകടനം മാത്രമാണ് ആശ്വസിക്കാന്‍ വക നല്‍കുന്ന ഏക കാര്യം. തൃശൂര്‍ സ്ലാംഗില്‍ ബിജു മേനോന്‍ ഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ചവയ്ക്കുന്നത്. സംക്രാന്തി നസീറും ഹരീഷും പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ ഒരു പരിധി വരെ വിജയം കാണുന്നുണ്ട്.
ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം. ഗാനങ്ങള്‍ ഒരുക്കിയത് രതീഷ് വേഗയും. രണ്ടും ശരാശരിക്ക് മേല്‍ വരുന്നില്ല. മനോജ് പിള്ളയുടെ ഛായാഗ്രഹണം സിനിമയ്ക്ക് കാഴ്ചാസുഖം നല്‍കുന്നുണ്ട്.
റേറ്റിംഗ്: 2/5