ധോണിക്ക് സംഭവിച്ചത് സച്ചിനെ ബാധിക്കുമോ?; ധോണിയുടെ ജീവിതത്തോട് 100 ശതമാനം നീതി പുലർത്തിയ സിനിമയാണോ ധോണി ദി അൺ‌ടോൾഡ് സ്റ്റോറി?

ധോണിക്ക് സംഭവിച്ചതെന്ത്?

aparna shaji| Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (16:38 IST)
പറയാത്തത് പറയുമ്പോഴാണ് ഒരു രസം, കാണാത്തത് കാണാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ, ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥ പറയുന്ന ധോണി ദി അൺ‌ടോൾഡ് സ്റ്റോറി എന്ന ചിത്രത്തിൽ എന്താണ് ഒരു പുതുമ എന്ന് പലപ്പോഴും മനസ്സിലാകുന്നില്ല. ധോണി ആരാധകർക്ക് കണ്ടിരിക്കാവുന്ന അത്രമാത്രമാണ് ഇതെന്നാണ് പൊതുവെയുള്ള സംസാരം. ക്രിക്കറ്റ് ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരുന്ന ധോണിയുടെ ജീവചരിത്ര സിനിമ പ്രതീക്ഷകൾ തകർത്തതിന്റെ കാരണമെന്ത്?.

പറയാത്ത കാര്യങ്ങൾ പറഞ്ഞുതരുമ്പോളാണ് നമുക്ക് താല്പര്യം കൂടുക. നമുക്കറിയാവുന്ന കാര്യങ്ങൾ വിവരിക്കുമ്പോൾ വിരസതയും. ആവേശങ്ങൾ അലയടിക്കത്ത ഒന്നും തന്നെ സിനിമയിൽ ഉണ്ടായിരുന്നില്ല. ജീവചരിത്ര സിനിമ ആയതുകൊണ്ട് തന്നെ മസാലകൾ ഒന്നും ചേർക്കാനും സാധിക്കില്ല. ഇത് സിനിമയെ കാര്യമായി ബാധിച്ചുവെന്നാണ് നിരൂപകർ പറയുന്നത്.

ധോണിയെക്കുറിച്ച് പുതിയ കാര്യങ്ങള്‍ അറിയാനോ ധോണിയുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അഭിമാനം തോന്നിപ്പിക്കുന്നതോ ആയ കാര്യങ്ങളൊന്നും സിനിമ അവസാനിക്കുമ്പോള്‍ പ്രേക്ഷകമനസില്‍ ഉണ്ടായിരിക്കില്ലെന്നാണ് നിരൂപകപക്ഷം. നമുക്ക് അറിയാവുന്ന ധോണി അതുതന്നെയാണ് സിനിമയും പറയുന്നത്. ജീവിതകഥ പറയുമ്പോൾ പോസിറ്റീവായ കാര്യങ്ങൾ മാത്രം പറയുന്നതെന്ത് കൊണ്ട് എന്ന സംശയം പലരിലും നിലനിൽക്കുന്നുണ്ട്.

എന്തുകാര്യമാണെങ്കിലും അതിനു രണ്ടു വശമുണ്ടല്ലോ? അങ്ങനെ ചിന്തിച്ചാൽ, സിനിമ രസിപ്പിക്കുന്നുണ്ട്. 2011 ലെ ലോകകപ്പ് ഫൈനലില്‍ നിന്നു തുടക്കം, പിന്നെ അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം, സാധാരണ കുടുംബത്തിലെ ജനനം, കുട്ടിക്കാലം, ആദ്യം ഇഷ്ടം ഫുട്ബോളിനോട്‍, പിന്നെ അത് ക്രിക്കറ്റിലേക്ക് വഴി മാറുന്നു, വിക്കറ്റ് കീപിംഗ് പരിശീലനം, നിശ്ചയദാര്‍ഢ്യം. പിന്നീടുള്ള ജീവിതത്തിൽ പ്രണയം സുഹൃത്തുക്കളും കടന്നുവരുന്നു. ജീവിതം വെളിച്ചത്തിലേക്ക് നീങ്ങുന്നു. ഇന്ത്യക്ക് ചരിത്രനേട്ടങ്ങള്‍ നേടിത്തന്ന ആ അവിശ്വസനീയകുതിപ്പ് പെട്ടന്നായിരുന്നു. ഇതാണ് സിനിമ. വിജയക്കുതിപ്പ് എല്ലാവർക്കും അറിയാവുന്നത് തന്നെ. മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപാട്‌ സീനുകൾ സിനിമയിൽ ഉണ്ട്.

എന്നാൽ, ധോണിയുടെ യഥാർത്ഥ ജീവിതത്തോട് സിനിമ 100 ശതമാനം നീതി പുലർത്തിയോ എന്നാണ് നിരൂപകരുടെ സംശയം. സിനിമയിൽ പറഞ്ഞ കാര്യങ്ങൾ ഓരോന്നും അദ്ദേഹത്തിന്റെ ആരാധകർക്ക് അറിയാവുന്നതാണ്. എന്നാൽ, അതെല്ലാം എങ്ങനെയായിരുന്നു എന്നാണ് കഥ പറയുന്നത്. ധോണിയായി സുശാന്ത്സിങ് രജപുത് വേഷമിടുന്നു. ധോണിയുടെ അച്ഛനായി അനുപം ഖേറും, സാക്ഷി ധോണി ആയി ഖൈറ അദ്വാനിയും, കാമുകിയായി ദിഷ പാഠാണിയും, യുവരാജ് സിങ് ആയി ഹെറി റ്റാങ്രിയും വേഷമിടുന്നു.

3.15 മണിക്കൂർ ദൈർഘ്യം ഉള്ള ഈ ചിത്രം ധോണിയുടെ കുട്ടിക്കാലം മുതൽ ലോക കപ്പ് ഉയർത്തിയ വരെയുള്ള കരിയറിലെ മികച്ച ഭാഗം മാത്രം ഉൾക്കൊള്ളുന്നു. ഐപിഎല്ലിലും കോഴ വിവാദവും തുടങ്ങിയ മറ്റു തലങ്ങളിലേക്കുംചിത്രം കയ് വെക്കുന്നില്ല. മാത്രമല്ല 2011ന് ശേഷമുള്ള ധോണിയുടെ മോശമായ അഞ്ചു വർഷങ്ങൾ ചിത്രം സ്കിപ് ചെയ്യുന്നു. ചിത്രത്തിന്റെ ടാഗ് ലൈൻ പോലെ കൂടുതൽ പറയാൻ ശ്രമിച്ചത് അൺടോൾഡ് സ്റ്റോറി ആയതിനാലാവാം പലതും ഉൾക്കൊള്ളിക്കാഞ്ഞത് എന്നു കരുതാം. ധോണിയുടെ സിനിമയ്ക്ക് സംഭവിച്ചത് സച്ചിൻ ടെണ്ടുൽക്കറുടെ ചിത്രത്തെ ബാധിക്കുമോ?. ധോണിയുടേത് പോലെ നിരാശ നൽകുന്ന സിനിമയാകുമോ സച്ചിൻ എന്നും ആരാധകർക്കിടയിൽ സംശയം നിലനിൽക്കുന്നുണ്ട്. എന്തായാലും കാത്തിരുന്ന് കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :