ഇത് അസുരന്റെ സംഹാരതാണ്ഡവം, കസറി മമ്മൂട്ടി; ഷൈലോക്ക് ഒരു കൊലമാസ് പടം, റിവ്യു

എസ് ഹർഷ| Last Updated: വ്യാഴം, 23 ജനുവരി 2020 (22:12 IST)

ഒരു കഥ സൊല്ലട്ടുമാ സാർ.... കാത്തിരിപ്പിനൊടുവിൽ അവൻ അവതരിച്ചു. പലിശക്കാരൻ ബോസ്. തനി അസുരൻ. തൃശൂർ പൂരത്തിന് അമിട്ട് പൊട്ടിയ പോലത്തെ ഇടിവെട്ട് എൻ‌ട്രി. അലമ്പിന് ഗോൾഡ് മെഡൽ നേടിയ, കണ്ണിൽച്ചോരയില്ലാത്ത പലിശക്കാരന്റെ വരവിന് തിയേറ്റർ പൂരപ്പറമ്പായി മാറി. ഒരു കൊലമാസ്സ് ആക്ഷൻ പടം അവിടെ തുടങ്ങുകയായി.

ആളും അനക്കവും ആരവവും ഒക്കെയായി ആഘോഷിച്ച് കാണേണ്ടുന്ന, അങ്ങനെ കാണാൻ കഴിയുന്ന ഒരു മാസ് എന്റടെയ്ൻ‌മെന്റ് പടമാണ് ഷൈലോക്ക്. പോലീസിന്റെ കണ്ണിലെ കരടും, സിനിമാക്കാരരുടെ രക്ഷകനുമാണ് ബോസ്. പറഞ്ഞ വാക്ക് മാറ്റിക്കഴിഞ്ഞാൽ രക്ഷകൻ അസുരനായി മാറും. പിന്നെ അവരുടെ പേടിസ്വപ്നമായിരിക്കും. കാലൻ എന്ന് വിളിക്കുമെങ്കിലും പേടിപ്പെടുത്ത കാലനല്ല, പക്ഷേ ആണ്. മാസും കോമഡിയുമായി എത്തുന്ന മലയാള ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത ഒരു വ്യത്യസ്താനായ പലിശക്കാരനാണ് ബോസ്.

സിനിമ നിർമിക്കാൻ പണം കടം കൊടുക്കുകയാണ് ബോസിന്റെ പണി, അതും പലിശയ്ക്ക്. ഈ തുക വാങ്ങിയിട്ട് തിരിച്ച് കൊടുക്കാത്ത, ഫോൺ വിളിച്ചാൽ എടുക്കാത്ത പ്രതാപ വർമ എന്ന നിർമാതാവുമായി (ഷാജോൺ) നേരിട്ടുള്ള കൊമ്പ് കോർക്കലിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ കയറി അലമ്പുണ്ടാക്കി സീനാക്കി സംവിധായകനെ പിടിച്ചോണ്ട് പോകുന്ന ബോസിനെയാണ് കാണുന്നത്.

ആ കഥ മലയാള സിനിമയിൽ എല്ലാവരും അറിഞ്ഞതോടെ പ്രതാപ വർമയ്ക്ക് നാണക്കേടുണ്ടാക്കുന്നു. സുഹൃത്തായ പൊലീസ് കമ്മീഷണറെ കൂട്ടുപിടിച്ച് പകരം വീട്ടുന്ന നിർമാതാവ്. ബോസിനെ ഇല്ലാതാക്കാനുള്ള പ്രതാപ് വർമയുടെ പിന്നീടുള്ള കളികളും ആക്ഷനുമൊക്കെയാണ് ആദ്യപകുതി പറയുന്നത്. ബോസ് നിറഞ്ഞാടിയ ആദ്യ പകുതി വേറെ ലെവൽ ആണ്.

ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാ പകുതി കുറച്ചു ലാഗ് ആയി എന്ന് തോന്നിയാലും കഥയുടെ ഡെപ്തിനു അത് നിർബന്ധമാണ്. ത്രില്ലടിച്ച് ഹാപ്പിയായി ഇന്റർവെല്ലിനു ഇറങ്ങി വരാം. ശേഷം സ്ക്രീനിൽ കഥ ഫ്ലാഷ് ബാക്കിലേക്ക് പോകും. അവിടെ പടത്തിന്റെ ഗ്രിപ്പ് ചെറുതായൊന്നും സ്ലോ ഡൌൺ ആകും. പക്ഷേ അത് അത്ര കാര്യമാക്കേണ്ടതില്ല. കാരണം, കൊട്ടിക്കലാശത്തിൽ കത്തിക്കയറാനുള്ള എല്ലാ വെടിമരുന്നുകളും റെഡിയാണ്.

കഥാപരമായി പ്രത്യേകിച്ച് ഒന്നും ഇല്ലെന്ന് തന്നെ പറയാം. കീറി പരിശോധിക്കാനുള്ള ഒരു പടമല്ല ഇല്ല.
മമ്മൂട്ടിയെ സിനിമയിൽ അഴിഞ്ഞാടാൻ വിട്ടിട്ട് അത് ആസ്വദിച്ചോളൂ എന്നാണ് സംവിധായകൻ അജയ് വാസുദേവ് പറയുന്നത്. മമ്മൂക്കയുടെ എനർജി ആൻഡ് ഡയലോഗ് പ്രെസെന്റേഷൻ തന്നെയാണ് സിനിമയുടെ മുതൽക്കൂട്ട്.

അജയും മമ്മൂട്ടിയും ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്. രാജാധിരാജയെക്കാളും മാസ്റ്റർപീസിനെക്കാളും ഒക്കെ മികച്ച ചിത്രമാണ് ഷൈലോക്ക് എന്ന കാര്യത്തിൽ സംശയമില്ല. അജയുടെ മികച്ച സിനിമയും ഇത് തന്നെ. ഗോപിസുന്ദറിന്റെ പഞ്ച് ബിജിഎം നന്നായിരുന്നു. വെടിക്കെട്ട് സൌണ്ട് തന്നെയായിരുന്നു ഉടനീളം. നവാഗതരായ തിരക്കഥാകൃത്തുക്കളുടെ എഴുത്ത് കൊള്ളാം. ഡയലോഗുകളെല്ലാം ഒന്നിനൊന്ന് മാസ്. ഏതായാലും തിയേറ്റർ പിടിച്ചുകുലുക്കാൻ മമ്മൂട്ടിക്ക് കഴിയും എന്ന കാര്യത്തിൽ യാതോരു സംശയവുമില്ല.
(റേറ്റിംഗ്: 3.5/5)ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :