'എ നോ ഈസ് എ നോ'; സാറയുടെ ശരികള്‍

നെല്‍വിന്‍ വില്‍സണ്‍| Last Updated: വ്യാഴം, 8 ജൂലൈ 2021 (20:37 IST)

നെല്‍വിന്‍ വില്‍സണ്‍[email protected]

'അണ്ഡാശയത്തില്‍ മുട്ടകള്‍ ഉത്പാദിപ്പിക്കുന്ന ശേഷി ഇല്ലാതാക്കാന്‍ 33-ാം വയസ്സില്‍ തന്നെ ഞാന്‍ ആലോചിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഞാന്‍ ഡോക്ടറെ സമീപിച്ചു. എന്നാല്‍, ഗര്‍ഭം ധരിക്കാനുള്ള എല്ലാ പ്രതീക്ഷകളും ഇല്ലാതാകുന്ന സമയത്ത് മാത്രം ഇത് ചെയ്താല്‍ മതിയെന്നാണ് അന്ന് ഡോക്ടര്‍ ഉപദേശം നല്‍കിയത്. ഒടുവില്‍ 39-ാം വയസ്സില്‍ അതേ ഡോക്ടറുടെ സഹായത്തോടെ തന്നെ ഞാന്‍ അണ്ഡോത്പാദനശേഷി മരവിപ്പിച്ചു. വ്യക്തിപരമായി എനിക്ക് ഗര്‍ഭം ധരിക്കാന്‍ താല്‍പര്യമില്ല. അണ്ഡോത്പാദനശേഷി ഇല്ലാതാക്കുന്നതില്‍ ഞാന്‍ സന്തുഷ്ടയായിരുന്നു. ഇതെല്ലാം വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്. ഗര്‍ഭം ധരിക്കേണ്ട എന്നാണ് തീരുമാനം. ഗര്‍ഭം ധരിക്കാതെ തന്നെ കുഞ്ഞുങ്ങളെ ദത്തെടുക്കാമല്ലോ? ഈ ലോകത്ത് അനാഥരായ ഒരുപാട് കുഞ്ഞുങ്ങളുണ്ട്. പെണ്ണിന് കുട്ടികള്‍ വേണമെന്ന് നിര്‍ബന്ധമൊന്നും ഇല്ല. ഗര്‍ഭം ധരിച്ച് കുഞ്ഞുങ്ങളെ പ്രസവിക്കുക മാത്രമല്ല സ്ത്രീകളുടെ ജീവിതത്തിലെ പ്രധാന കാര്യം. വിവാഹം കഴിക്കുന്നതും ഒരു പ്രണയമുണ്ടാകുന്നതും പോലുമല്ല പെണ്‍കുട്ടികളുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍,' നടി തനിഷാ മുഖര്‍ജി ഈയടുത്ത് പറഞ്ഞതാണ്.

തനിഷാ മുഖര്‍ജി പറഞ്ഞതിനോട് ചേര്‍ത്തുവച്ചുകൊണ്ട് ചര്‍ച്ച ചെയ്യേണ്ട സിനിമയാണ് സാറാസ്. സ്ത്രീയുടെ പേഴ്‌സണല്‍ ചോയ്‌സുകളെ കുറിച്ച് അത്രയൊന്നും മലയാള സിനിമ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. മാത്രമല്ല, പുരുഷനെ പരിപാലിക്കാനും ശുശ്രൂഷിക്കാനും കടപ്പെട്ടവളാണ് സ്ത്രീയെന്ന തരത്തില്‍ ഗ്ലോറിഫൈഡ് സാരോപദേശങ്ങള്‍ സമൂഹത്തിന്റെ പൊതുബോധത്തിലേക്ക് പലപ്പോഴായി കുത്തികയറ്റുകയും ചെയ്തിട്ടുണ്ട്.

സാറാസിലെ ജീവനെ (സണ്ണി വെയ്ന്‍ ചെയ്ത കഥാപാത്രം) എനിക്ക് വ്യക്തിപരമായി റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഒരു വിഷയത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ ആ കാര്യം എനിക്കും പ്രണയിനിക്കും ഒരുപോലെ വിയോജിപ്പുള്ള വിഷയമാകുകയും എന്നാല്‍ ഈ സൊസൈറ്റിയെ തൃപ്തിപ്പെടുത്തേണ്ടിവരില്ലേ എന്നുള്ളതുകൊണ്ട് അതങ്ങ് ചെയ്‌തേക്കാമെന്ന് ഗത്യന്തരമില്ലാതെ ഞാന്‍ പറയുകയും ചെയ്തിട്ടുണ്ട്. പിന്നീട് കുറച്ചുകൂടി വിവേകത്തോടെ ചിന്തിച്ചപ്പോഴാണ് എനിക്ക് താല്‍പര്യമില്ലാത്ത കാര്യം സൊസൈറ്റിയുടെ തട്ടില്‍ തൂക്കിനോക്കി ചെയ്യേണ്ടിവരുന്നതിലെ അധപതനത്തെ കുറിച്ച് ബോധ്യപ്പെടുന്നത്. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും സമൂഹത്തെ പേടിച്ച് സ്വന്തം ഇഷ്ടങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്ന വ്യക്തിയും പാട്ണറുടെ വ്യക്തിപരമായ ഇഷ്ടത്തെയും തീരുമാനത്തെയും മെയില്‍ ഈഗോ കാരണം ബഹുമാനിക്കാന്‍ സാധിക്കാത്ത പുരുഷനും എന്നില്‍ ഉണ്ടെന്ന് അറിയാം. വളരെ സമയമെടുത്ത് തിരുത്തി തിരുത്തിയാണ് ഇതില്‍ നിന്നു കരകയറാന്‍ ഒരുപരിധി വരെയെങ്കിലും സാധിച്ചത്. ശ്രമം ഇപ്പോഴും തുടരുകയാണ്.

അത്ര സുഗമമായി ഒരു പാട്രിയാര്‍ക്ക് സൊസൈറ്റിയോട് പറയാവുന്ന കഥയല്ല സാറയിലേത്. ഗര്‍ഭം ധരിക്കണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഒരു സ്ത്രീക്ക് മാത്രമാണുള്ളതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ മടിയുള്ള സമൂഹത്തിലേക്കാണ് ജൂഡ് ആന്തണി ജോസഫ് സാറയെ കൊണ്ടുവരുന്നത്. ഗര്‍ഭഛിദ്രം നടത്താനുള്ള സാറയുടെ തീരുമാനം ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുമെന്ന് സംവിധായകന് അറിയാം. എങ്കിലും സാറയുടെ തീരുമാനം ശരിയാണെന്ന് അടിവരയിട്ടുകൊണ്ട് സിനിമ അവസാനിപ്പിക്കുകയാണ് സംവിധായകന്‍.

കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത് സ്ത്രീയാണ്, പത്ത് മാസത്തോളം കുഞ്ഞിനെ ഉദരത്തില്‍ വഹിക്കേണ്ടത് സ്ത്രീയാണ്, അതിന്റെ ശാരീരിക അവശതകള്‍ സഹിക്കേണ്ടിവരുന്നതും സ്ത്രീയാണ്. അതുകൊണ്ട് തന്നെ ഗര്‍ഭം ധരിക്കണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്ക് തന്നെയാണ്. തനിക്ക് ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാനും നോക്കിവളര്‍ത്താനും മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് സാറ പറയുമ്പോള്‍ അതിനപ്പുറത്തേക്ക് ഒരു ശരിയില്ല. ഈ സൊസൈറ്റിക്ക് അതില്‍ ശരികേട് തോന്നുന്നുണ്ടെങ്കില്‍ അത് സാറയുടെ പ്രശ്‌നമല്ല നമ്മുടെ സൊസൈറ്റിയുടെ പ്രശ്‌നമാണ്. ഗര്‍ഭം ധരിക്കാന്‍ താല്‍പര്യമില്ലെന്ന് പാട്ണര്‍ പറയുമ്പോള്‍ അത് അംഗീകരിക്കുകയെന്ന ഏറ്റവും മിനിമം ഉത്തരവാദിത്തം സിനിമയില്‍ ജീവനും ചെയ്യുന്നുണ്ട്.

വിഷയം കുറച്ചുകൂടി കോംപ്ലിക്കേറ്റഡ്‌ ആകുന്നത് ഇനിയാണ്. ഒട്ടും താല്‍പര്യമില്ലാത്ത സമയത്ത് സാറ ഗര്‍ഭം ധരിക്കുന്നു. മാനസികമായും ശാരീരികമായും അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകാന്‍ സാറ ആഗ്രഹിക്കുന്നില്ല. പ്രൊഫഷണല്‍ സമ്മര്‍ദങ്ങള്‍ ഒരുവശത്ത്. അണ്‍വാണ്ടഡ് പ്രഗ്നന്‍സിയായതിനാല്‍ നിയമപരമായി തന്നെ അതിനെ 'വേണ്ട' എന്നു വയ്ക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സാറയ്ക്കുണ്ട്. പക്ഷേ, ഇത് സൊസൈറ്റിയെ മനസിലാക്കാനാണ് സംവിധായകന്‍ ബുദ്ധിമുട്ടുക. മോശം മാതാപിതാക്കള്‍ ആകുന്നതിനേക്കാള്‍ നല്ലത് മാതാപിതാക്കള്‍ ആകാതിരിക്കുകയാണെന്ന് പറഞ്ഞുവയ്ക്കുമ്പോഴും അതിനെ അത്ര പെട്ടെന്ന് സ്വീകരിക്കാനുള്ള മാനസികാവസ്ഥ പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തിനും ഇല്ല. എന്നാല്‍, ഇവിടെയും സാറ തന്നെയാണ് ശരി. അണ്‍വാണ്ടഡ് പ്രഗ്നന്‍സി സ്ത്രീയെ വലിയ മാനസിക ട്രോമകളിലേക്കും ജീവിതനൈരാശ്യത്തിലേക്കും തള്ളിവിടുന്നത് ഈ സൊസൈറ്റിയില്‍ നടക്കുന്ന കാര്യമാണ്. നിരന്തരമായ ബോധവത്കരണത്തിലൂടെ ഇത്തരം വിഷയങ്ങളെ അഡ്രസ് ചെയ്യുകയാണ് ഉത്തരവാദിത്തപ്പെട്ടവര്‍ ചെയ്യേണ്ടത്.

പ്രൊഫഷണല്‍ കരിയറിനുവേണ്ടി മാത്രം സാറ ഗര്‍ഭഛിദ്രം നടത്തുന്നതിലെ നൈതികതയാണ് അടുത്തതായി ചോദ്യം ചെയ്യപ്പെടുന്നത്. ഈ ചോദ്യം ചെയ്യലിനെ കൃത്യമായി അഭിമുഖീകരിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ടോ എന്ന സംശയമുണ്ട്. പ്രൊഫഷണല്‍ കരിയറും ഗര്‍ഭസ്ഥ അവസ്ഥയും ഒരുമിച്ച് കൊണ്ടുപോകാമല്ലോ എന്ന സാധ്യത സാറയ്ക്ക് മുന്നില്‍ പപ്പ മുന്നോട്ടുവയ്ക്കുന്നു. പ്രൊഫഷണല്‍ കരിയറിനുവേണ്ടി മാത്രമാണ് ഞാന്‍ ഗര്‍ഭഛിദ്രം നടത്തുന്നത് എന്നാണോ പപ്പ കരുതുന്നതെന്ന് സാറ തിരിച്ചു ചോദിക്കുന്നുണ്ട്. ഈ ചോദ്യത്തില്‍ തന്നെ സാറയുടെ തീരുമാനം എത്രത്തോളം ശരിയാണെന്ന് വ്യക്തമാക്കാന്‍ സംവിധായകനും തിരക്കഥാകൃത്തും ശ്രമിക്കുന്നുണ്ട്. പക്ഷേ, അത് പ്രേക്ഷകനോട് എത്രത്തോളം കമ്യൂണിക്കേറ്റ് ചെയ്തിട്ടുണ്ടെന്നതാണ് സംശയം.

'എ നോ ഈസ് എ നോ' എന്നാണ് സാറയ്ക്ക് ജീവനോട് പറയാനുള്ളത്. ആദ്യമൊക്കെ ജീവന് ഇത് മനസിലാകുന്നുണ്ട്. പിന്നീട് സിനിമ കൂടുതല്‍ സങ്കീര്‍ണമാകുന്ന സമയത്ത് ജീവന്‍ പരാജയപ്പെടുന്നുണ്ട്. നേരത്തെ പറഞ്ഞതുപോലെ ജീവനും തന്റെ ആണ്‍ ഈഗോയെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സാറ ഉദ്ദേശിക്കുന്ന 'നോ'യുടെ അര്‍ത്ഥവും ആഴവും മനസിലാക്കാന്‍ ജീവന്‍മാര്‍ക്ക് സാധിക്കുന്നിടത്താണ് സിനിമ കൂടുതല്‍ സുന്ദരമാകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :