രേണുക വേണു|
Last Updated:
വെള്ളി, 31 ഡിസംബര്‍ 2021 (15:11 IST)
ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥന്‍ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത സിനിമ ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ ഇന്നാണ് റിലീസ് ചെയ്തത്. കോമഡി എന്റര്‍ടെയ്‌നര്‍ എന്ന അവകാശവാദത്തോടെയാണ് പ്രേക്ഷകരിലേക്ക് എത്തിയതെങ്കിലും തുടക്കം മുതല്‍ ഒടുക്കം വരെ ചിരിപ്പിക്കാന്‍ മറന്നുപോയ സിനിമയാകുകയാണ് കേശു. ദിലീപ്, ഉര്‍വശി തുടങ്ങി പ്രതിഭാധനരായ അഭിനേതാക്കള്‍ അണിനിരന്നിട്ടും 'കേശു ഈ വീടിന്റെ നാഥന്‍' ശരാശരിയില്‍ താഴെയുള്ള സിനിമാ അനുഭവമായി.
നാദിര്‍ഷായുടെ മുന്‍ ചിത്രങ്ങളെ ഓര്‍മിപ്പിക്കുംവിധം വാട്സ്ആപ്പ് കോമഡികളാണ് കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയിലും പ്രേക്ഷകന്‍ കാണുന്നത്. എന്നാല്‍, വലിയൊരു ശതമാനം കോമഡികളും പ്രേക്ഷകനെ ചിരിപ്പിക്കുന്നില്ല. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതിയും പ്രേക്ഷകനില്‍ യാതൊരു ചലനവും സൃഷ്ടിക്കാതെ പോയ രണ്ടാം പകുതിയുമാണ് കേശു ഈ വീടിന്റെ നാഥന്റേത്. വാട്‌സ്ആപ്പ് കോമഡികളാണ് സിനിമയില്‍ ഏറ്റവും അരോജകമായിരിക്കുന്നത്. കേട്ടു പഴകിയ കോമഡി നമ്പറുകള്‍ അതേപടി പകര്‍ത്തി വച്ചിരിക്കുന്ന നാദിര്‍ഷ പ്രേക്ഷകരെ പൂര്‍ണമായും അണ്ടര്‍എസ്റ്റിമേറ്റ് ചെയ്തിരിക്കുകയാണ്.
വേറിട്ട ഗെറ്റപ്പിലാണ് ദിലീപ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രായം എഴുപതുകള്‍ക്ക് അടുത്തുള്ള മധ്യവയസ്‌കനായാണ് ദിലീപ് എത്തുന്നത്. പ്രാരാബ്ധങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്ന കേശു പ്രത്യേക സ്വഭാവക്കാരനാണ്. ഇതെല്ലാമാണ് സിനിമയിലെ ഇതിവൃത്തം. പഴകിതേഞ്ഞ കഥ പലപ്പോഴും പ്രേക്ഷകനെ മുഷിപ്പിക്കുകയാണ്. ദിലീപിന്റെ ഭാര്യയുടെ വേഷത്തില്‍ ഉര്‍വശി അഭിനയിക്കുന്നു. അഭിനേതാക്കളുടെ പ്രകടനവും ശരാശരിയില്‍ ഒതുങ്ങി. ഹാസ്യത്തിനു പ്രാധാന്യം നല്‍കി ചെയ്ത സിനിമയാണെങ്കിലും പലയിടത്തും സിനിമ നൂലുപൊട്ടിയ പട്ടം പോലെയാകുന്നു.