രേണുക വേണു|
Last Modified വെള്ളി, 15 ജൂലൈ 2022 (15:25 IST)
Ele Veezha Poonchira Review: സമീപകാലത്ത് ഇറങ്ങിയ സിനിമകളിലെ പ്രകടനത്തിനു സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ട നടനാണ് സൗബിന്‍ ഷാഹിര്‍. എന്നാല്‍ ഇത്തവണ ട്രോളാനും വിമര്‍ശിക്കാനും ഒരു പഴുത് പോലും ബാക്കിവയ്ക്കാതെ സൗബിന്‍ എന്ന നടന്‍ അഴിഞ്ഞാടി. അതെ ഇന്ന് തിയറ്ററുകളിലെത്തിയ ഇലവീഴാപൂഞ്ചിറയിലെ സൗബിന്റെ പ്രകടനത്തെ ഇതിലുമപ്പുറം വിശേഷിപ്പിക്കാന്‍ സാധിക്കില്ല.
ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഷാഹി കബീറിന്റെ ആദ്യ സംവിധാന സംരഭമാണ് ഇലവീഴാപൂഞ്ചിറ. ആദ്യാവസാനം പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഷാഹി കബീര്‍ ഈ ചിത്രത്തില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയിരിക്കുന്നത്.
ഇലവീഴാപൂഞ്ചിറയിലെ വയര്‍ല്ലെസ് സ്റ്റേഷനില്‍ നിയമിതരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. പൊലീസുകാരായ മധു, സുധി എന്നിവരുടെ കഥ. മധു എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയിരിക്കുന്ന സൗബിന്‍ ഷാഹിറാണ്. സൗബിനൊപ്പം മത്സരിച്ച് അഭിനയിച്ച് സുധി എന്ന കഥാപാത്രത്തെ സുധി കോപ്പയും മികച്ചതാക്കി. ഇരുവരുടേയും പ്രകടനം തന്നെയാണ് സിനിമയുടെ ആദ്യത്തെ പ്ലസ് പോയിന്റ്.
ഒരു സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ഇലവീഴാപൂഞ്ചിറയില്‍ നിന്നും തൊട്ടടുത്ത മറ്റ് പരിസരങ്ങളില്‍ നിന്നും ലഭിക്കുന്നതോടെയാണ് സിനിമ അതിന്റെ പ്രധാന ഭാഗത്തേക്ക് കടക്കുന്നത്. പിന്നീടങ്ങോട്ട് പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ചിത്രം. ഒരു ക്രൈമും
ആ ക്രൈമിനു പിന്നിലുള്ള രഹസ്യങ്ങളും ഓരോന്നായി പുറത്തുകൊണ്ടുവരുമ്പോള്‍ ഇലവീഴാപുഞ്ചിറ പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നു. ഡാര്‍ക്ക് മൂഡിലുള്ള ത്രില്ലര്‍ എല്ലാ വിഭാഗത്തിലുമുള്ള പ്രേക്ഷകരെ സംതൃപ്തപ്പെടുത്തുന്നതാണ്. ഷാജി മാറാട്, നിതീഷ് ജി. എന്നിവരുടെ തിരക്കഥ കയ്യടി അര്‍ഹിക്കുന്നു.