പേട്ട- ഒരു കം‌പ്ലീറ്റ് രജനി പാക്കേജ് മൂവി!

എസ് ഹർഷ| Last Updated: വ്യാഴം, 10 ജനുവരി 2019 (15:27 IST)
സ്റ്റൈൽമന്നൻ നല്ല എനർജിയിൽ വന്ന് നിന്നാൽ മാത്രം മതി തിയേറ്റർ പൂരപ്പറമ്പാകാൻ. അപ്പോൾ ഒരു കട്ട രജനി ഫാൻ കൂടിയാണ് സംവിധാനം ചെയ്യുന്നതെങ്കിലോ? പറയുകയേ വേണ്ട. അത്തരമൊരു പടമാണ് രജനികാന്തിന്റെ പേട്ട. ചുരുക്കിപറഞ്ഞാൽ ഒരു പക്കാ രജനി പാക്കേജ് മൂവി.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളിംഗ് കപ്പാസിറ്റിയുള്ള രജനീകാന്ത് അദ്ദേഹത്തെ എവർഗ്രീൻ ഹിറ്റുകളെ ഓർമപ്പെടുത്തും വിധത്തിലാണ് കാർത്തിക് സുബ്ബരാജ് തന്റെ ഒരുക്കിയിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള റിവഞ്ച് ഡ്രാമയാണ് ചിത്രം.

ശിവാജിയ്ക്ക് ശേഷം ഇതുപോലൊരു വിരുന്നിനായി കാത്തിരുന്നവരാണ് ഭൂരിഭാഗം രജനി ആരാധകരും. പഞ്ച് ഡയലോഗുകളും കോമഡി ചെയ്യുമ്പോളുള്ള ആ ഈസിനെസ്സും ഒക്കെ പ്രായത്തെ തോൽപ്പിക്കുന്ന വിധം അദ്ദേഹം മനോഹരമായി ചെയ്തിരിക്കുന്നു.

ഊട്ടിയിലെ ഒരു കോളേജ് ആണ് തുടക്കം. അവിടുത്തെ ഹോസ്റ്റൽ വാർഡനാണ് രജനി. നവാഗതരെ റാഗ് ചെയ്യുന്ന കുഴപ്പക്കാരായ സീനിയേഴ്‌സിനിടയിലേക്കാണ് അദ്ദേഹത്തിന്റെ മാസ് എൻ‌ട്രി. രജനിയുടെ സ്വാധീനത്തിൽ കോളെജ് പൂർവ്വസ്ഥിതിയിൽ അച്ചടക്കവുമായി മുന്നോട്ട് പോകുന്നു.

റാഗിങ്ങിൽ നിന്നും അൻ‌വർ എന്ന യുവാവിനെ രജനി രക്ഷിക്കുന്നതോടെയാണ് ഇയാൾക്ക് ചുറ്റിനും ഒരു നിഗൂഢതയുണ്ടെന്ന് മറ്റുള്ളവർ മനസിലാക്കുന്നത്. അവിടെയാണ് കഥ വഴിമാറുന്നത്. രജനീകാന്തിന്റെ അസാധ്യ സ്‌ക്രീന്‍ പ്രസന്‍സിനൊപ്പം വിജയ് സേതുപതിയുടെയും നവാസുദ്ദീന്‍ സിദ്ദിഖിയുടെയും നെഗറ്റീന് ഷേഡുള്ള കഥാപാത്രത്തിന്റെ വരവും കോമ്പിനേഷൻ സീനുകളുമെല്ലാം ആരാധകരെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു.

24 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു രജനി ചിത്രം ഇതിനുമുന്‍പ് പൊങ്കല്‍ കാലത്ത് റിലീസ് ചെയ്യപ്പെട്ടത്. ബാഷയായിരുന്നു ആ ചിത്രം. ഒരു പക്കാ പൊങ്കൽ പടം തന്നെയാണ് പേട്ട.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :