എഹ്സാന്‍ ആദം|
Last Modified വെള്ളി, 6 മെയ് 2016 (19:57 IST)
വിക്രം കെ കുമാര്‍ സംവിധാനം ചെയ്ത സൂര്യച്ചിത്രം ‘24’ കണ്ടിറങ്ങിയപ്പോള്‍ മനസില്‍ ഒരു ഹോളിവുഡ് സിനിമ കണ്ട തൃപ്തി. ഈ ചിത്രത്തില്‍
സൂര്യ മൂന്ന് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഇങ്ങനെയൊരു കഥ തെരഞ്ഞെടുക്കാന്‍, ഈ കഥാപാത്രങ്ങളെ ഇത്ര പെര്‍ഫെക്ട് ആയി ചെയ്യാന്‍ ഒരേയൊരു സൂര്യ മാത്രേ ഉള്ളൂ.
ഹോളിവുഡിന്‍റെ ഇഷ്ടവിഷയമായ ‘ടൈം ട്രാവല്‍’ ആണ് വിക്രം കെ കുമാര്‍ ഇത്തവണ തമിഴ് ചിത്രത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു തമാശയ്ക്ക് വേണ്ടി ഇങ്ങനെയൊരു വിഷയം സ്വീകരിച്ചിട്ട് ഒരു മാസ് മസാല തിരക്കഥയെഴുതി തട്ടുപൊളിപ്പന്‍ സിനിമയുണ്ടാക്കിയിരിക്കുകയല്ല വിക്രം കുമാര്‍. വലിയ ഗവേഷണം ഈ സിനിമയ്ക്കുവേണ്ടി അദ്ദേഹം നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് ഓരോ സീനും, ഓരോ ഫ്രെയിമും!
ഒരു വരിയില്‍ ഒതുക്കിപ്പറയാവുന്നത്ര ലളിതമായ ഒരു കഥയാണ് 24ന്‍റേത്. അതിന് നിറയെ അടരുകളുണ്ടാക്കി, അതില്‍ സയന്‍സും ഗണിതവുമെല്ലാം കൂട്ടിച്ചേര്‍ത്ത് കഥയെ വേറെ ലെവലില്‍ എത്തിക്കുന്നു വിക്രം കെ കുമാര്‍. എന്നാല്‍ ഈ കഥ കോംപ്ലിക്കേറ്റഡല്ല, വളരെ കൊമേഴ്സ്യലാണ്, ഏത് കൊച്ചുകുട്ടിക്കും മനസിലാകുന്നതുമാണ്.
സൂര്യയുടെ മൂന്ന് കഥാപാത്രങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും പ്രധാന ആകര്‍ഷണം. ഈ മൂന്ന് കഥാപാത്രങ്ങളും തമ്മില്‍ ഒരു സാമ്യവുമില്ല. അവരുടെ ലുക്ക്, ഡയലോഗ് ഡെലിവറി, അഭിനയം, നോട്ടം, നടപ്പ് എല്ലാം വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെ അസാധാരണമായ മെയ്‌വഴക്കത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് സൂര്യ. സമീപകാലത്ത് ചെയ്ത കൊമേഴ്സ്യല്‍ സിനിമകളുടെയൊന്നും ഹാംഗോവറില്ലാതെ കഥാപാത്രങ്ങളായി മാറിയിരിക്കുകയാണ് ഈ സൂപ്പര്‍താരം.
സമാന്ത പതിവുപോലെ തന്‍റെ വേഷം ക്യൂട്ടായി അവതരിപ്പിച്ചിട്ടുണ്ട്. നിത്യാമേനോന് വളരെ കുറച്ച് സ്ക്രീന്‍ ടൈം മാത്രമേ സംവിധായകന്‍ നല്‍കിയിട്ടുള്ളൂ. എങ്കിലും നിത്യയുടെ കഥാപാത്രത്തിന് കഥയില്‍ സുപ്രധാനമായ സ്ഥാനമുണ്ട്.
തിരുവിന്‍റെ ക്യാമറയാണ് പരാമര്‍ശിക്കപ്പെടേണ്ട ഒരു പ്രധാന ഘടകം. കഥയുടെ മുന്നോട്ടുള്ള ഓരോ പോക്കിലും ആവശ്യമായ ലൈറ്റിംഗും ഫ്രെയിം ക്രിയേഷനുമൊക്കെ ഒന്നാന്തരമായി ചെയ്തിരിക്കുന്നു. ഒരു ദൃശ്യവിസ്മയമായി
24 മാറിയിട്ടുണ്ടെങ്കില്‍ അതില്‍ തിരുവിനുള്ള പങ്ക് വലുതാണ്.
വി എഫ് എക്സും കലാസംവിധാനവും അതിഗംഭീരമാണ്. സൌണ്ട് ഓഫ് ചെയ്ത് കാണുകയാണെങ്കില്‍ ഒരു ഇംഗ്ലീഷ് ചിത്രം കാണുന്ന പ്രതീതി സൃഷ്ടിക്കാന്‍ ഈ ഡിപ്പാര്‍ട്ടുമെന്‍റുകളുടെ ജോലിക്ക് കഴിഞ്ഞിട്ടുണ്ട്.
സംഗീതലോകത്തെ ചക്രവര്‍ത്തിയായ എ ആര്‍ റഹ്‌മാനാണ് 24ന് സംഗീതം നല്‍കിയിരിക്കുന്നത്. ചില നമ്പരുകളൊഴിച്ചാല്‍ അത്ര ശ്രദ്ധേയമായ ഒരു ആല്‍ബമാക്കി 24 മാറ്റാന്‍ റഹ്‌മാന് കഴിഞ്ഞിട്ടില്ല.
സൂര്യ അവതരിപ്പിക്കുന്ന മണി എന്ന കഥാപാത്രം ഒരു ഡയലോഗ് ഇടയ്ക്കിടെ ആവര്‍ത്തിക്കുണ്ട്. പലപ്പോഴും അത് പ്രേക്ഷകരെ ഇറിറ്റേറ്റ് ചെയ്യുന്നുമുണ്ട്. എന്നാല്‍ അതേ ഡയലോഗിന് തിയേറ്റര്‍ കുലുങ്ങുന്ന കയ്യടി പിന്നീട് വാങ്ങിയെടുക്കാന്‍ കഴിയുക എന്നത് സാധാരണ സംഗതിയല്ല.
പ്രണയവും നര്‍മ്മരംഗങ്ങളും ഈ കഥ പറയാനുള്ള ടൂളാക്കി സംവിധായകന്‍ മാറ്റിയിരിക്കുന്നു. സൂര്യ - സമാന്ത കോമ്പിനേഷന്‍ സീനുകളെല്ലാം അതീവ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ സിനിമയിലെ ഓരോ രംഗത്തിനും ഓരോ കാരണവും പ്രാധാന്യവുമുണ്ട്. അത്ര ശ്രദ്ധയോടെയാണ് സന്ദര്‍ഭങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
സമീപകാലത്ത് സൂര്യയുടേതായി പ്രദര്‍ശനത്തിനെത്തുന്ന ഏറ്റവും മികച്ച സിനിമയാണ് 24. ഈ കഥ സംവിധായകന്‍ ആദ്യം വിക്രമിനോടാണ് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തോ അഭിപ്രായവ്യത്യാസം കാരണം വിക്രം ഈ പ്രൊജക്ടില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തീര്‍ച്ചയായും, ഇപ്പോള്‍ സൂര്യ നായകനായ 24 കാണുമ്പോള്‍, എത്ര വലിയ നഷ്ടമാണ് വിക്രമിന് സംഭവിച്ചതെന്ന് ബോധ്യപ്പെടുന്നു.