കഥയിലേക്കൊന്നും വലുതായി കടക്കുന്നില്ലന്നേ. അല്ലെങ്കിലും എന്നേക്കുറിച്ചുള്ള പ്രധാന പരാതി, ഞാന്‍ കഥ മുഴുവനായങ്ങ് പറഞ്ഞുകളയുമെന്നാണ്. ഈ ന്യൂജനറേഷന് എഴുത്തുകാരേപ്പോലെ കഥയേക്കുറിച്ചൊന്നും പറയാതെ എഴുതാനൊന്നും എനിക്കറിയില്ല. ഞാന്‍ എഴുതിവരുന്ന ഒഴുക്കിനങ്ങുപോകും. അതില്‍ ചിലപ്പോല്‍ കഥയും ക്ലൈമാക്സുമൊക്കെ പെട്ടുപോകുന്നു.
കുത്താംപള്ളിയിലെ പ്രശസ്ത നെയ്ത്തുകാരനായ അയ്യപ്പനാശാന്റെ(ബാബു നമ്പൂതിരി) മകനാണ് കണ്ണന്(ദിലീപ്). അവനെ വളരെ കഷ്ടപ്പെട്ടാണ് ആശാന് ഫാഷന്‍ ഡിസൈനിംഗ് ഒക്കെ പഠിപ്പിച്ചത്. പക്ഷേ എന്ത് പ്രയോജനം? അവന് പരമ്പരാഗത തൊഴിലിലൊന്നും താല്‍പ്പര്യമില്ല. എങ്ങനെയെങ്കിലും പെട്ടെന്ന് പണക്കാരനാകണം. നല്ല പണവും സ്വത്തുമുള്ള പെണ്‍കുട്ടികളെ പ്രണയിച്ച് കല്യാണം കഴിച്ചാല്‍ പണക്കാരനാകാമെന്നൊരു ബുദ്ധി അവന്റെ തലയില്‍ കയറിക്കൂടിയിട്ടുണ്ട്. വിവാഹം കഴിച്ചാല്‍ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ദോഷമുള്ളൊരു പെണ്‍കുട്ടി, രാധ(വേദിക). അവളുടെ വൈധവ്യദോഷം ഒഴിവാക്കാനുള്ള പൂജാസമയത്ത് അവിടെ പുടവയുമായി എത്തിപ്പെടുകയാണ് കണ്ണന്. അങ്ങനെ ആദ്യം അവള്‍ക്ക് പുടവ നല്‍കാനുള്ള യോഗം കണ്ണനുണ്ടാകുന്നു. അതോടെ ആ കോവിലകത്ത് തുടരേണ്ടിവരികയാണ് അവന്.
കോവിലകത്തെ തമ്പുരാന്റെ (നെടുമുടി വേണു) ചെറുമകളാണ് രാധ. ഡി ജി പിയുടെ (ജോയ് മാത്യു) മകള്‍. പിന്നീടാണറിയുന്നത് ഡിജിപി ഒരു ഡോണ്‍ ആണ്. അയാള്‍ക്ക് ഒട്ടേറെ ശത്രുക്കളുണ്ട്. അവരില്‍ ചിലര്‍ രാധയെ കൊല്ലാന്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങളുടെ നടുവിലാണ് കണ്ണന് പെട്ടുപോകുന്നത്.