ജെറി ആന്‍സന്‍ സെബി|
Last Updated:
വ്യാഴം, 7 ജൂലൈ 2016 (16:02 IST)
നേരത്തേ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കരും മറ്റും അറിയിച്ചിരുന്നതുകൊണ്ട് ഞാന്‍ കസബയില്‍ ഒരു ഇന്‍സ്പെക്ടര്‍ ബല്‍റാം പ്രതീക്ഷിച്ചില്ല. രൌദ്രം പ്രതീക്ഷിച്ചില്ല. എന്തിന്, ഒരു രാക്ഷസരാജാവ് പോലും പ്രതീക്ഷിച്ചില്ല. നിഥിന്‍ എന്ന പുതുമുഖ സംവിധായകന്‍റെ സിനിമ മാത്രം പ്രതീക്ഷിച്ചു. തിയേറ്ററിലെ ആരവങ്ങളിലലിഞ്ഞ് ‘കസബ’ തുടങ്ങാനായി ഞാന്‍ കാത്തിരുന്നു.
ന്യൂജനറേഷന്‍ സിനിമകള്‍ക്കിടയില്‍ കസബയെ കൊണ്ടുകെട്ടാന്‍ കഴിയില്ല. ഈ സിനിമ രണ്ടായിരത്തിന്‍റെ തുടക്കത്തില്‍ നമ്മള്‍ കണ്ട മാസ് സിനിമകളുടെ ചുവടുപിടിച്ചൊരുക്കിയതാണ്. മമ്മൂട്ടിയുടെ താരമൂല്യം പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള ഒരു നീക്കം. അതില്‍
കസബ വിജയം കാണുന്നു. ഒരു കൊമേഴ്സ്യല്‍ പ്രൊജക്ട് എന്ന നിലയില്‍ കസബ 100 ശതമാനം എന്‍റര്‍ടെയ്നറാണ്.
സമീപകാലത്ത് ഏറ്റവുമധികം ട്രോള്‍ ആക്രമണത്തിന് വിധേയമായ ചിത്രമാണ് കസബ. അത് സിനിമയ്ക്ക് ഗുണം ചെയ്തു എന്നുതന്നെ പറയണം. അത്ര തിരക്കായിരുന്നു തിയേറ്ററില്‍. പിന്നെ ട്രോളിയവരോടുള്ള മധുരപ്രതികാരമെന്ന നിലയില്‍ ചില സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ക്ക് നന്ദിയും പ്രകാശിപ്പിച്ചുകണ്ടു ടൈറ്റില്‍ കാര്‍ഡില്‍.
രാജന്‍ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കാളീപുരത്തെത്തിയത് ചില പ്രത്യേക ലക്‍ഷ്യങ്ങളോടെയാണ്. അയാള്‍ക്ക് ഒരു മരണത്തേക്കുറിച്ച് അറിയണമായിരുന്നു. ഐ ജി ചന്ദ്രശേഖരന്‍റെ(സിദ്ദിക്ക്) മകന്‍ അര്‍ജ്ജുന്‍റെ മരണത്തേക്കുറിച്ച്.
കേരള - കര്‍ണാടക അതിര്‍ത്തിയിലാണ് കാളീപുരം. അവിടെ എത്തിയതുമുതല്‍ പിന്നെ രാജന്‍ സക്കറിയയുടെ ഷോയാണ്. മമ്മൂട്ടി മുമ്പ് അവതരിപ്പിച്ചിട്ടുള്ള സത്യസന്ധനും സത്ഗുണ സമ്പന്നനുമായ പൊലീസ് ഓഫീസറെ കസബയില്‍ തിരയരുത്. രാജന്‍ സക്കറിയ വേറെ ലെവലാണ്.
അയാള്‍ പൊലീസ് യൂണിഫോം ധരിക്കുന്നതുകണ്ടാല്‍ തന്നെ അറിയാം ആളൊരു അച്ചടക്കമില്ലാത്ത പൊലീസുകാരനാണെന്ന്. പിന്നെ സ്ത്രീകളോടുള്ള പെരുമാറ്റം അല്‍പ്പം കടന്ന രീതിയിലാണ്. ഒരു മഹാ അലമ്പനായ പൊലീസ് ഉദ്യോഗസ്ഥന്‍. രാജന്‍ സക്കറിയയുടെ എല്ലാ മാനറിസങ്ങളും പ്രേക്ഷകരെ കൊണ്ട് കൈയ്യടിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേകരീതിയിലുള്ള ആ നടപ്പ് എടുത്തുപറയണം.
രണ്‍ജി പണിക്കര്‍ മോഡില്‍ അതിഗംഭീര ഡയലോഗുകളൊന്നും നിഥിന്‍ ‘കസബ’യില്‍ ഒരുക്കിയിട്ടില്ല. സൂപ്പര്‍ വണ്‍ലൈനറുകളാണ് ബലം. എന്നാല്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ അതിപ്രസരം ചിത്രത്തിന് സ്ത്രീ പ്രേക്ഷകരുടെ പിന്തുണ കിട്ടുന്നതിന് തടസം സൃഷ്ടിച്ചേക്കാം.
വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കമല എന്ന കഥാപാത്രം ശക്തമായ സാന്നിധ്യമാണ് സിനിമയില്‍. മുകുന്ദന്‍ എന്ന പൊലീസുകാരനായി ജഗദീഷും മെച്ചപ്പെട്ട അഭിനയം കാഴ്ച വച്ചു. ലീലയ്ക്ക് ശേഷം ജഗദീഷിന് കാമ്പുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ട്. പരമേശ്വരന്‍ നമ്പ്യാര്‍ എന്ന രാഷ്ട്രീയക്കാരനായാണ് സമ്പത്ത് വരുന്നത്. അലന്‍സിയറുടെ തങ്കച്ചനും ശ്രദ്ധിക്കപ്പെടും.
കൂടുതല്‍ നിരൂപണങ്ങള്‍ക്ക്
ബുക്ക് മൈ ഷോ കാണുക
ഒരു ആക്ഷന്‍ മൂഡുള്ള സിനിമയ്ക്ക് അനുയോജ്യമായ ഛായാഗ്രഹണമാണ് സമീര്‍ ഹഖിന്‍റേത്. രാഹുല്‍ രാജിന്‍റെ പശ്ചാത്തല സംഗീതം ഗംഭീരം. എന്നാല്‍ ആകെയുള്ളൊരു പാട്ട് ആസ്വാദ്യകരമായില്ല.
മെയില്‍ ഷോവനിസം നിറഞ്ഞുനില്‍ക്കുന്ന സിനിമയിലെ ചില ഡയലോഗുകള്‍ സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപം ജനിപ്പിക്കുമെങ്കിലും ഡയലോഗുകളിലും മുഹൂര്‍ത്തങ്ങളിലും ക്ലീഷേ ഒഴിവാക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരു നവാഗത സംവിധായകന്‍റെ ചിത്രമെന്ന് ഒരിക്കലും തോന്നിപ്പിക്കാത്ത രീതിയിലാണ് നിഥിന്‍ കസബ ഒരുക്കിയിരിക്കുന്നത്.
പിന്നെ എസ് എന്‍ സ്വാമി സൃഷ്ടിക്കുന്ന കുറ്റാന്വേഷണത്തിന്‍റെ നാടകീയതയൊന്നും ഈ സിനിമയില്‍ പ്രതീക്ഷിക്കരുത്. പല നിര്‍ണായക വിവരങ്ങളും അപ്രതീക്ഷിതമായി ചില കഥാപാത്രങ്ങള്‍ ഏറ്റുപറച്ചില്‍ നടത്തുകയാണ്. ഒരു ആക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിന് ആവശ്യമെന്ന് ഏവരും അംഗീകരിച്ചിട്ടുള്ള അലിഖിത നിയമങ്ങളുടെ പൊളിച്ചെഴുത്ത് ആ വിധത്തിലുമുണ്ട്.
എന്തായാലും ഒരു മികച്ച എന്‍റര്‍ടെയ്നര്‍ എന്ന നിലയില്‍ ഈദിന് മമ്മൂട്ടിയുടെ കസബയ്ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.
റേറ്റിംഗ്: 3.5/5