‘വേട്ട’യ്ക്ക് ജയസൂര്യ ഇല്ലാത്തതെന്തുകൊണ്ട്? !

വേട്ട, ജയസൂര്യ, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, മമ്മൂട്ടി
Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (16:05 IST)
രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ‘വേട്ട’ എന്ന ചിത്രത്തില്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സൈലെക്സ് ഏബ്രഹാം എന്ന കഥാപാത്രമായി ആദ്യം നിശ്ചയിച്ചത് ജയസൂര്യയെ ആയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍ ആ റോളില്‍ ജയസൂര്യയ്ക്ക് പകരം ഇന്ദ്രജിത്ത്. എന്തായിരിക്കും സംഭവിച്ചത്?

“ജയസൂര്യയെയായിരുന്നു ആ കഥാപാത്രമായി ആദ്യം നിശ്ചയിച്ചത് എന്നത് സത്യമാണ്. എന്നാല്‍ ആ സമയത്ത് ‘സു... സു... സുധി വല്‍‌മീകം’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. ആ സിനിമ നിര്‍മ്മിക്കുന്നതും ജയസൂര്യയാണ്. അങ്ങനെയാണ് ആ കഥാപാത്രമായി ഇന്ദ്രജിത്ത് എത്തുന്നത്” - സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.

“ഞങ്ങള്‍ക്ക് എത്രയും വേഗം ചിത്രീകരണം ആ‍രംഭിക്കണമായിരുന്നു. ആ സമയത്ത് ഇന്ദ്രജിത്തിന് ഡേറ്റുണ്ടായിരുന്നു. ഒന്നാന്തരം ക്യാരക്ടര്‍ ആക്ടര്‍ ആയ ഇന്ദ്രജിത്തിനെ കിട്ടിയതോടെ ആ കഥാപാത്രം ഭദ്രമായി” - വേട്ടയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

വേട്ടയില്‍ പൊലീസ് യൂണിഫോമണിയുകയാണ് മഞ്ജു വാര്യര്‍. സിറ്റി പൊലീസ് കമ്മീഷണര്‍ ശ്രീബാലയായാണ് മഞ്ജു അഭിനയിക്കുന്നത്. അസിസ്റ്റന്‍റ് കമ്മീഷണര്‍ സൈലെക്സ് ഏബ്രഹാമായി ഇന്ദ്രജിത്ത് എത്തുമ്പോള്‍ നായകന്‍ കുഞ്ചാക്കോ ബോബനാണ്. മെല്‍‌വിന്‍ എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.

‘വേട്ട’ ഒരു സൈക്കളോജിക്കല്‍ ത്രില്ലറാണ്. അനീഷ് ലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹ്‌മാനാണ്. പ്രേംപ്രകാശ്, വിജയരാഘവന്‍, ഭാമ തുടങ്ങിയവരും വേട്ടയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു മൈന്‍ഡ് ഗെയിം മൂവി ആയിരിക്കും വേട്ട. നേരത്തേ ഈ ജോണറിലെത്തിയ ഒരു മലയാള സിനിമ കമല്‍ സംവിധാനം ചെയ്ത ആഗതന്‍ ആണ്. ആദ്യത്തെ ഷോട്ടുമുതല്‍ ദുരൂഹത നിഴലിക്കുന്ന കഥയാണ് പറയുന്നത്.

ട്രാഫിക്, മിലി എന്നീ ഗംഭീര ഹിറ്റുകള്‍ക്ക് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ അരുണ്‍ലാല്‍ രാമചന്ദ്രനാണ്. കൊച്ചിയും വണ്ടിപ്പെരിയാറുമാണ് പ്രധാന ലൊക്കേഷനുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :