വിവാഹത്തിന് മുമ്പ് പെണ്‍കുട്ടിക്ക് ചില മാനസിക പ്രശ്നങ്ങള്‍, കാര്യം അറിഞ്ഞ ഗംഗ നിര്‍ദ്ദേശിച്ചു - ‘ഡോ. സണ്ണിയെ വിളിക്കൂ’ !

WEBDUNIA|
PRO
വിവാഹം തീരുമാനിച്ചുകഴിഞ്ഞാണ് ആ പെണ്‍കുട്ടി മാനസിക വിഭ്രാന്തി കാണിച്ചുതുടങ്ങിയത്. ആദ്യം വീട്ടുകാര്‍ അതത്ര കാര്യമാക്കിയില്ല. എന്നാല്‍ ദിവസം ചെല്ലുന്തോറും പ്രശ്നങ്ങള്‍ കൂടിക്കൂടിവന്നു. കുടുംബ സുഹൃത്തായ ഗംഗ ഇക്കാര്യമറിഞ്ഞപ്പോള്‍ ഒരു ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശിച്ചു - അത് അയാളായിരുന്നു, ഡോ.സണ്ണി ജോസഫ്. ലോകപ്രശസ്ത മനോരോഗവിദഗ്ധന്‍. അയാളുടെ സഹായം ഗംഗയ്ക്ക് പോലും ഒരിക്കല്‍ ലഭിച്ചതാണ്. ആ കഥയൊക്കെ ഓരോ മലയാളിക്കും അറിയാം.

മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയും ഗംഗയും വീണ്ടും എത്തുന്നത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഗീതാഞ്ജലി’ എന്ന ചിത്രത്തിലാണ്. ഗംഗയായി ശോഭനയുടെ അഞ്ചുമിനിറ്റ് സാന്നിധ്യം ഗീതാഞ്ജലിയിലുണ്ടാകും. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതുന്ന ഈ സിനിമയില്‍ മണിച്ചിത്രത്താഴിലെ മറ്റ് രണ്ട് കഥാപാത്രങ്ങള്‍ കൂടിയുണ്ട് - ഉണ്ണിത്താനും(ഇന്നസെന്‍റ്), ദാസപ്പനും(ഗണേഷ്).

മാനസികരോഗിയായ പെണ്‍കുട്ടിയായി വേഷമിടുന്നത് മേനകാ സുരേഷ്കുമാറിന്‍റെ മകള്‍ കീര്‍ത്തിയാണ്. മണിച്ചിത്രത്താഴിലെപോലെ ഗീതാഞ്ജലിയിലും ഇടവേളയ്ക്കടുത്ത സമയത്താണ് ഡോ.സണ്ണിയുടെ രംഗപ്രവേശം.

പ്രിയദര്‍ശന്‍ ആദ്യമായാണ് ഒരു ഹൊറര്‍ ചിത്രം ചെയ്യുന്നത്. മണിച്ചിത്രത്താഴിന്‍റെ റീമേക്ക് ഹിന്ദിയില്‍ എടുത്തിരുന്നെങ്കിലും അത് പൂര്‍ണമായും ഒരു ഹൊറര്‍ ചിത്രമായിരുന്നില്ല. ധാരാളം നര്‍മ്മരംഗങ്ങളും നാലുഗാനങ്ങളും ഗീതാഞ്ജലിയിലുണ്ടാകും. പ്രിയദര്‍ശന്‍റെ എണ്‍പത്തിയാറാമത്തെ സിനിമയാണ് ഗീതാഞ്ജലി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :