മമ്മൂട്ടി - അഭിനയകലയുടെ ഉന്നതശിഖരം

Last Updated: തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (16:39 IST)
അത്ഭുതകരം എന്ന് നമുക്ക് തോന്നുന്ന എത്രയോ കാര്യങ്ങളുണ്ട്. താജ്മഹലിൻറെ സൗന്ദര്യത്തിന് മുന്നിൽ വിസ്മയം തൂകുന്ന മിഴികളുമായി ഇപ്പോഴും നമ്മൾ നിൽക്കാറുണ്ട്. ചാഞ്ഞുനിൽക്കുന്ന മഹാഗോപുരം നമ്മുടെ വിസ്മയമാണ്. ഈഫൽ, ബുർജ് ഖലീഫ, ചൈനയുടെ വൻമതിൽ അങ്ങനെ പറഞ്ഞുപോകാൻ എത്രയെത്ര. ചില മനുഷ്യരും അങ്ങനെയാണ്. എപ്പോഴും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. എ പി ജെ അബ്‌ദുൾകലാം അങ്ങനെയൊരാളായിരുന്നു. സച്ചിൻ ടെണ്ടുൽക്കർ, കമൽഹാസൻ, എ ആർ റഹ്മാൻ, എം ടി, മോഹൻലാൽ, പ്രേംനസീർ, യേശുദാസ്, അമിതാഭ് ബച്ചൻ, പി ടി ഉഷ, ഉസൈൻ ബോൾട്ട് അങ്ങനെ എത്രയെത്ര വിസ്മയ ജീവിതങ്ങൾ. മലയാളികൾക്ക് നിത്യവിസ്മയമായി നിൽക്കുന്ന മറ്റൊരാളുണ്ട്, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഒരാൾ. മഹാനടൻ മമ്മൂട്ടി.

പ്രായഭേദമന്യേ ഏവർക്കും 'മമ്മൂക്ക'യായ നടനവിസ്മയത്തിന് ഇന്ന് ജൻമദിനമാണ്. ഈ ദിനം മലയാളികൾ എപ്പോഴും മമ്മൂട്ടി മലയാളത്തിന് സമ്മാനിച്ച കഥാപാത്രങ്ങളിലൂടെ മനസുകൊണ്ട് ഒരു പ്രദക്ഷണം പതിവാണ്. മമ്മൂട്ടി അനശ്വരമാക്കിയ 10 കഥാപാത്രങ്ങളിലൂടെ മലയാളം വെബ്‌ദുനിയ ഒരു സഞ്ചാരം നടത്തുന്നു.

1. വിധേയൻ

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിധേയനിൽ ഭാസ്കര പട്ടേലർ എന്ന കഥാപാത്രത്തെ മറ്റാർക്കും ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിൽ മമ്മൂട്ടി ഗംഭീരമാക്കി. 1993 പുറത്തിറങ്ങിയ ഈ സിനിമ മെഗാസ്റ്റാറിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഉൾപ്പടെ കണക്കില്ലാത്ത അംഗീകാരങ്ങൾ നേടിക്കൊടുത്തു.

2. ദി കിംഗ്

ഇന്നും തീരാത്ത ആവേശമാണ് ജോസഫ് അലക്‌സ് എന്ന കളക്‌ടർ സമ്മാനിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിംഗ് എന്ന ചിത്രത്തിലെ ആ കഥാപാത്രം പ്രേക്ഷകരുടെ സിരകളിൽ അഗ്നി പടർത്തിയപ്പോൾ ബോക്സോഫീസിൽ ചിത്രം ചരിത്രവിജയം നേടി. ചിത്രം രൺജി പണിക്കർ.

3. കാഴ്‌ച

ബ്ലെസി സംവിധാനം ചെയ്ത കാഴ്‌ച എന്ന ചിത്രത്തിൽ മാധവൻ എന്ന നിഷ്കളങ്കനായ മനുഷ്യനായി മമ്മൂട്ടി തിളങ്ങി. വർഷങ്ങൾക്ക് ശേഷം ഈ സിനിമയുടെ മറ്റൊരു മുഖം ബജ്‌രംഗി ബായിജാൻ എന്ന പേരിൽ 500 കോടി കളക്ഷൻ നേടി ഇന്ത്യൻ സിനിമയിലെ തന്നെ വിസ്മയനക്ഷത്രമായി.

4. അമരം

ഭരതൻറെ
സൃഷ്ടിയായിരുന്നു അമരം. അച്ചൂട്ടി എന്ന കഥാപാത്രമായി മമ്മൂട്ടി ഉജ്ജ്വല പ്രകടനം നടത്തി. ലോഹിതദാസിൻറെ തിരക്കഥ. രവീന്ദ്രൻറെ സംഗീതം. കൈതപ്രത്തിൻറെ വരികൾ. യേശുദാസിൻറെ സ്വരം. മധു അമ്പാട്ടിൻറെ ക്യാമറ. പ്രതിഭകളുടെ മഹാസംഗമമായിരുന്നു അത്. 200 ദിവസത്തിലധികമാണ് അമരം തിയേറ്ററുകളിൽ നിറഞ്ഞോടിയത്.

5. ഒരു വടക്കൻ വീരഗാഥ

ഹരിഹരൻ സംവിധാനം ചെയ്ത ക്ലാസിക് ചിത്രം. ചതിയനല്ലാത്ത ചന്തുവിനെ മമ്മൂട്ടിയിലൂടെ ഈ ചിത്രത്തിൽ മലയാളികൾ കണ്ടു. എം ടിയുടെ അസാധാരണമായ രചനാപാടവം കൊണ്ട് ലോകോത്തരമായി മാറിയ സിനിമ.

6. ഒരു സി ബി ഐ ഡയറിക്കുറിപ്പ്

കെ മധു സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരുന്നു ഒരു സി ബി ഐ ഡയറിക്കുറിപ്പ്. സേതുരാമയ്യർ എന്ന കഥാപത്രത്തെ മമ്മൂട്ടിയുടെ ഒട്ടേറെ നിർദ്ദേശങ്ങൾ പ്രകാരമാണ് എസ് എൻ സ്വാമി സൃഷ്ടിച്ചത്. പിന്നീട് ഈ സിനിമയുടെ മൂന്ന് തുടർച്ചകൾ കൂടി ഇറങ്ങിയപ്പോഴും മലയാളികൾ കൈയടികളോടെ സ്വീകരിച്ചു.

7. മൃഗയ

വാറുണ്ണി എന്ന കഥാപാത്രത്തെ അത്ഭുതത്തോടെയാണ് മലയാള പ്രേക്ഷകർ വരവേറ്റത്. പുലിയെ വേട്ടയാടുന്ന വാറുണ്ണി. ലോഹിതദാസിൻറെ തിരക്കഥയിൽ ഐ വി ശശിയുടെ സംവിധാനം. രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്തമായ ഒരു മമ്മൂട്ടിക്കഥാപാത്രമായിരുന്നു മൃഗയയിലേത്.

8. ന്യൂഡൽഹി

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രമാണ് ന്യൂഡൽഹിയിലെ ജി കൃഷ്ണമൂർത്തി. പരാജയങ്ങളുടെ വേലിയേറ്റങ്ങൾക്കിടയിൽ നിന്ന് മമ്മൂട്ടി എന്ന നടനെയും താരത്തെയും അമൂല്യമായ താരത്തിളക്കത്തിലേക്ക് ഉയർത്തിയ സിനിമ. ഡെന്നിസ് ജോസഫിൻറെ തിരക്കഥ സംവിധാനം ചെയ്തത് ജോഷി.

9. ഇൻസ്‌പെക്ടർ ബെൽറാം

ഐ വി ശശി - ടി ദാമോദരൻ ടീമിൻറെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന്. പൊലീസ് എന്നുപറഞ്ഞാൽ ഇന്നും ബൽറാമിനെ വെല്ലുന്ന ഒരാൾ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ചൂടൻ സംഭാഷണങ്ങളും സൂപ്പർ ആക്ഷനും ചിത്രത്തിൻറെ ഹൈലൈറ്റായി.

10.തനിയാവർത്തനം

ബാലഗോപാലൻ മാഷ് മലയാളികൾക്ക് ഒരു കണ്ണീരോർമയാണ്. അമ്മ ഉരുട്ടിനൽകിയ വിഷച്ചോറുണ്ട് ജീവിതം അവസാനിപ്പിച്ച മാഷ് മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ജ്വലിക്കുന്ന ഒരു പകർന്നാട്ടമായിരുന്നു. ലോഹിയുടെ തിരക്കഥ സംവിധാനം ചെയ്തത് സിബി മലയിൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :