ജീത്തു ജോസഫിൻറെ തമിഴ് ചിത്രത്തിൽ നായകൻ ധനുഷ്!

Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (16:39 IST)
ജീത്തു ജോസഫിൻറെ ഇനി വരാൻ പോകുന്ന മലയാളം പ്രൊജക്ടുകളുടെയെല്ലാം വിവരങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്തുകഴിഞ്ഞു. ദിലീപ് നായകനാകുന്ന ലൈഫ് ഓഫ് ജോസൂട്ടിയാണ് ഉടൻ റിലീസ് ആകുന്ന സിനിമ. അതിനുശേഷം പൃഥ്വിരാജ് നായകനാകുന്ന ക്രൈം ത്രില്ലർ, കാവ്യാ മാധവൻ നായികയാകുന്ന സാമൂഹ്യ പ്രസക്തിയുള്ള സിനിമ, മോഹൻലാൽ നായകനാകുന്ന ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബചിത്രം എന്നിവയാണ് ജീത്തുവിൻറെ മലയാളം പ്രൊജക്ടുകൾ.

അപ്പോഴാണ് മറ്റൊരു ചോദ്യം ഉയരുന്നത്. 'പാപനാശം' എന്ന മെഗാഹിറ്റിന് ശേഷം ജീത്തു തമിഴിൽ ചെയ്യുന്ന സിനിമ ഏതായിരിക്കുമെന്ന ചോദ്യം. ഇതാ, അക്കാര്യത്തിലും ഒരുത്തരം ലഭിക്കുന്നു. ധനുഷിനെ നായകനാക്കിയായിരിക്കും ജീത്തു അടുത്ത തമിഴ് ചിത്രം ഒരുക്കുക.

മെമ്മറീസ്, ദൃശ്യം, പാപനാശം എന്നീ സിനിമകൾ കണ്ട് ത്രില്ലടിച്ച ധനുഷ്, തനിക്ക് ജീത്തു ജോസഫിൻറെ സിനിമയിൽ അഭിനയിക്കാൻ അതിയായ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. തൻറെ അടുത്ത തമിഴ് സിനിമയ്ക്കായി ഏറെ നാളത്തെ തിരച്ചിലിന് ശേഷം ഒരു കഥ കണ്ടെത്തിയപ്പോൾ അതിലെ നായകനായി ജീത്തു ജോസഫിൻറെ മനസിലേക്ക് വന്നതും ധനുഷ് തന്നെ.

ഈ തിരക്കഥ ഇപ്പോൾ അതിൻറെ ഫൈനൽ സ്റ്റേജിലാണ്. തിരക്കഥ പൂർത്തിയായ ശേഷം ധനുഷിനെ കാണിക്കാനാണ് ജീത്തു പ്ലാൻ ചെയ്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :