WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
സമീപകാലത്ത് ഏറ്റവും ദുഷ്പേര് കേള്‍ക്കേണ്ടിവന്ന സിനിമയാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. സ്പിരിറ്റ്, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സോദ്ദേശ സിനിമകള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് ബാച്ച്ലര്‍ പാര്‍ട്ടിയുടെയും വരവ്. എന്നാല്‍ അധിക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളും ഈ സിനിമയ്ക്ക് നേരെ മലവെള്ളം പോലെ പാഞ്ഞു.
ആരോപണങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും മറുപടി പറയേണ്ടത് ചിത്രത്തിന്‍റെ സംവിധായകന്‍ അമല്‍ നീരദാണ്. താന്‍ ചെയ്തുപോയ മിസ്റ്റേക്കിനെ ഓര്‍ത്ത് വിലപിക്കുന്ന ഒരു അമലിനെ പക്ഷേ ആര്‍ക്കും കാണാനാവില്ല. ബാച്ച്ലര്‍ പാര്‍ട്ടിയുടെ കാര്യത്തില്‍ താന്‍ ചെയ്തതുതന്നെയാണ് ശരിയെന്നും ഇനിയും ബാച്ച്ലര്‍ പാര്‍ട്ടിയുടെ സബ്ജക്ട് കിട്ടിയാല്‍ ഇതേരീതിയില്‍ തന്നെ ചിത്രം ഡിസൈന്‍ ചെയ്യുമെന്നും അമല്‍ നീരദ് പറയുന്നു.
“ഞാന്‍ തന്നെയാണ് ബാച്ച്ലര്‍ പാര്‍ട്ടി നിര്‍മ്മിച്ചത്. ചിത്രം ലാഭം നേടുകയും ചെയ്തു. ഈ സിനിമയുടെ വിജയം കൊണ്ട് ഇനിയും രണ്ട് സിനിമകള്‍ കൂടി ചെയ്യാനുള്ള പണം ലഭിച്ചു. നെഗറ്റീവായുള്ള പ്രചരണങ്ങളും റിവ്യൂകളും സിനിമയെ നഷ്ടത്തിലെത്തിക്കുമെന്നുള്ളത് തെറ്റായ ധാരണയാണ്” - അമല്‍ നീരദ് വെളിപ്പെടുത്തി.
“ജനങ്ങള്‍ ശുഭപര്യവസായിയായ സിനിമകളാണ് ആഗ്രഹിക്കുന്നത്. തിന്‍മയുടെ മേല്‍ നന്‍മ വിജയം നേടുന്നത് കാണാന്‍ ഏവരും ആഗ്രഹിക്കുന്നു. ഞാന്‍ അതില്‍ നിന്ന് വ്യത്യസ്തമായാണ് ചിന്തിച്ചത്. ഡെല്‍ഹി ബെല്ലി ഇഷ്ടപ്പെട്ടവര്‍ ഈ സിനിമയും ഇഷ്ടപ്പെടും. അതേ രീതിയില്‍ തന്നെയുള്ള ചിത്രമാണിതും” - അമല്‍ വ്യക്തമാക്കി.
“നാലുചിത്രങ്ങള്‍ മാത്രമാണ് ഞാന്‍ സംവിധാനം ചെയ്തിട്ടുള്ളത്. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സിനിമകളെടുക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. വ്യത്യസ്തമായ സിനിമകള്‍ ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്‍റെ അടുത്ത ചിത്രം പുതിയൊരു ജോണറിലുള്ളതാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അമല്‍ നീരദ് പറഞ്ഞു.