ആക്ഷേപിക്കുന്നവര്‍ ഓര്‍ക്കുക, മോഹന്‍ലാലിന് മണി സഹോദരതുല്യനായിരുന്നു; ലാലേട്ടന്‍റെ മനസ് മണിയുടെ നഷ്ടത്തില്‍ ഉരുകുകയാണ്!

മണിയുടെ വിയോഗത്തില്‍ മോഹന്‍ലാല്‍ ദുഃഖിതന്‍

Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (15:00 IST)
എല്ലാവരും കലാഭവന്‍ മണിയെക്കുറിച്ച് എഴുതി. മമ്മൂട്ടിയും സലിംകുമാറും ജയറാമും ദിലീപും എല്ലാവരും. ചിലര്‍ ടി വി ചാനലുകളോട് മണിയെക്കുറിച്ച് മനസുതുറന്നു. എന്നാല്‍ മഹാനടന്‍ മോഹന്‍ലാല്‍ മാത്രം മണിയുടെ ഒരു ചിത്രം മാത്രം പോസ്റ്റ് ചെയ്തിട്ട് അതിന് താഴെ ഇതുമാത്രം എഴുതി - ആദരാഞ്ജലികള്‍ !

അതോടെ വിമര്‍ശനങ്ങളുടെ ഘോഷയാത്ര വരികയായി. മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് മണി. ആറാം തമ്പുരാന്‍, നരസിംഹം, നാട്ടുരാജാവ്, ഛോട്ടാ മുംബൈ തുടങ്ങി എത്രയോ സിനിമകള്‍. മാത്രമല്ല, കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ കൂടിയായിരുന്നു മണി.

എന്നാല്‍, മണി അകാലത്തില്‍ എല്ലാവരെയും വിട്ടുപോയപ്പോള്‍ മാത്രം മോഹന്‍ലാല്‍ നിശബ്ദത പാലിച്ചു. ഈ നിശബ്ദതയെയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ആക്രമിക്കുന്നത്. ഇത്രമാത്രം വികാരരഹിതനായി മോഹന്‍ലാലിന് എങ്ങനെ പെരുമാറാന്‍ കഴിയുന്നു എന്നാണ് വിമര്‍ശകരുടെ ചോദ്യം.

വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കറിയില്ല, മോഹന്‍ലാലിന്‍റെ മാനസികാവസ്ഥ. നിശബ്ദമായി വേദനിക്കുന്ന ഒരു മനുഷ്യനെ ആ‍രും കാണുന്നില്ല. കലാഭവന്‍ മണി പോയി, ഇനി അതേക്കുറിച്ച് എന്തെല്ലാം പറഞ്ഞാലും, ആ നഷ്ടം നഷ്ടം തന്നെയാണ്. മോഹന്‍ലാലിന്‍റെ വേദന അദ്ദേഹം നിശബ്ദം സഹിക്കുന്നു.

തന്‍റെ ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രതികരിക്കുന്നയാള്‍ തന്നെയാണ് മോഹന്‍ലാല്‍. എന്നാല്‍ മണിയുടെ വിയോഗം അദ്ദേഹത്തെ തകര്‍ത്തുകളഞ്ഞു എന്നാണ് ഏറ്റവും അടുപ്പമുള്ളവര്‍ പ്രതികരിക്കുന്നത്.

ഇന്ന് അദ്ദേഹം തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം അദ്ദേഹത്തിന്‍റെ മാനസികാവസ്ഥ ഏത് തലത്തിലാണെന്ന് വ്യക്തമാക്കുന്നതാണ്. ‘ഭരതം’ എന്ന സിനിമയില്‍ സഹോദരന്‍റെ മരണവാര്‍ത്തയറിഞ്ഞ്, ഒന്ന് കരയാന്‍ പോലുമാകാതെ അഗ്നിയുടെ നടുവില്‍ ഉരുകിത്തീരുന്ന കല്ലൂര്‍ ഗോപിനാഥന്‍റെ ചിത്രമാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേ, കലാഭവന്‍ മണിയുടെ യാത്രപറച്ചിലില്‍ ഉരുകുകയാണ് മഹാനടന്‍റെ മനസ്.

വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കുക. എല്ലായ്പ്പോഴും ഉച്ചത്തിലുള്ള പ്രതികരണങ്ങള്‍ മാത്രമല്ല പ്രതികരണങ്ങളാവുക. ചിലപ്പോഴൊക്കെ നിശബ്ദതയും ഏറ്റവും ഉചിതമായ പ്രതികരണമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :