Last Updated:
തിങ്കള്‍, 30 ജൂണ്‍ 2014 (13:04 IST)
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'കത്തി'യുടെ മോഷന്‍ പോസ്റ്റര്‍ റിലീസായി ഒരാഴ്ചയ്ക്കുള്ളില്‍ അതിന്‍റെ യൂട്യൂബ് ഹിറ്റ് 10 ലക്ഷം കടന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വേഗത്തില്‍ യൂട്യൂബ് വ്യൂവേഴ്സിന്‍റെ എണ്ണം 10 ലക്ഷം കടക്കുന്നത്.
അനിരുദ്ധ് ഈണമിട്ട തീം മ്യൂസിക്കിനൊപ്പം മോഷന്‍ പോസ്റ്റര്‍ റിലീസായത് ജൂണ്‍ 22നാണ്. ഇത് റിലീസായ ഉടന്‍ തന്നെ വിവാദങ്ങളും പ്രത്യക്ഷപ്പെട്ടു. ന്യൂയോര്‍ക്ക് ടൈംസിന്‍റെ പരസ്യവുമായി കത്തിയുടെ മോഷന്‍ പോസ്റ്ററിന് സാമ്യമുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ അതൊന്നും കാര്യമാക്കാതെ വിജയ് ആരാധകര്‍ മോഷന്‍ പോസ്റ്ററിനെ ചരിത്ര വിജയമാക്കി മാറ്റി.
അതേസമയം, പോസ്റ്ററിനുവേണ്ടി അനിരുദ്ധ് ചിട്ടപ്പെടുത്തിയ തീം മ്യൂസിക്കിന് പഞ്ച് പോരാ എന്ന അഭിപ്രായം വിജ് ഫാന്‍സിനുണ്ട്.
കതിരേശന്‍, ജീവാനന്ദം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് വിജയ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. സാമന്ത നായികയാകുന്ന ചിത്രത്തിന്‍റെ കഥ ചെന്നൈയില്‍ തുടങ്ങി ചെന്നൈയില്‍ അവസാനിക്കുന്നതാണ്. ഈ സിനിമ പറയുന്നത് ഒരു അധോലോക കഥയല്ലെന്നും മുരുഗദോസ് വെളിപ്പെടുത്തിയിരുന്നു.