എപ്പോഴും ഉറങ്ങുന്നവനായി സംവിധായകന്‍ മോഹന്‍ലാലിനെ കണ്ടു!
WEBDUNIA|
PRO
നാര്‍ക്കോലെപ്സി! അങ്ങനെ ഒരസുഖമുണ്ട്. മനുഷ്യരിലെ ഉറക്കവുമായി ബന്ധപ്പെട്ട ഒരസുഖമാണ്. വ്യക്തമായി പറഞ്ഞാല്‍ ഒരു ന്യൂറോളജിക്കല്‍ സ്ലീപ് ഡിസോര്‍ഡര്‍. കൂടുതല്‍ ഇമോഷണലാകുന്ന സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് ഉറങ്ങിപ്പോകുന്ന അവസ്ഥ. സന്തോഷം വന്നാലും ഉറങ്ങും, സങ്കടം വന്നാലും ഉറങ്ങും, ഭയപ്പെട്ടാലും ഉറങ്ങും!
ഈ അസുഖമുള്ള ഒരു കഥാപാത്രത്തെ തമിഴ് സംവിധായകന്‍ തിരു ഭാവനയില്‍ സൃഷ്ടിച്ചു. ആ കഥാപാത്രത്തെ അവതരിപ്പിക്കാനായി ഒരു മഹാനടനെയും തിരു തീരുമാനിച്ചു. സാക്ഷാല്‍ മോഹന്‍ലാല്‍! കഥ മോഹന്‍ലാലിനോട് പറയുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്യാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. അപ്പോഴാണ് എങ്ങനെയോ, നടന്‍ വിശാല്‍ ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വിശാല്‍ തിരുവിനോട് പറഞ്ഞു. വിശാലിന്‍റെ അടുത്ത സുഹൃത്തായ തിരു ഒടുവില്‍ കഥാപാത്രത്തെ വിശാലിന് നല്‍കാന്‍ തീരുമാനിച്ചു. മോഹന്‍ലാലിന് അത് സമ്മതവുമായിരുന്നു. അങ്ങനെയാണ് ‘നാന്‍ സിഗപ്പു മനിതന്‍’ എന്ന വിശാല്‍ പ്രൊജക്ട് രൂപം കൊള്ളുന്നത്.
വിശാല്‍ നായകനാകുന്ന പുതിയ ചിത്രം - നാന്‍ സിഗപ്പു മനിതന്‍(ഞാന്‍ ചുവപ്പുമനുഷ്യന്‍) - പറയുന്നത് നാര്‍ക്കോലെപ്സി ബാധിച്ച ഒരു യുവാവിന്‍റെ ജീവിതമാണ്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ രോഗം ബാധിച്ച ഒരാളെ ചിത്രത്തിന്‍റെ സംവിധായകനായ തിരുവോ നായകനായ വിശാലോ കണ്ടിട്ടില്ല. ഒരുപാട് റഫറന്‍സുകളുടെയും മനോധര്‍മ്മത്തിന്‍റെയും അടിസ്ഥാനത്തിലാണ് വിശാല്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് മാനറിസങ്ങള്‍ നല്‍കന്‍ വിശാല്‍ ഏറെ ബുദ്ധിമുട്ടിയതായി തിരു വ്യക്തമാക്കുന്നു.
“ഇങ്ങനെയൊരു കണ്‍സെപ്റ്റ് മുമ്പ് ഒരു സിനിമയിലും ഉപയോഗിച്ചിട്ടില്ല. ഈ കഥാപാത്രത്തെ അവതരിപ്പിക്കുക വിശാലിന് അത്ര എളുപ്പമായിരുന്നില്ല. അദ്ദേഹത്തിന് വെല്ലുവിളിയുയര്‍ത്തിയ സിനിമയാണ് നാന്‍ സിഗപ്പു മനിതന്‍. ഡോക്യുമെന്‍ററികളും പുസ്തകങ്ങളും ഈ കണ്‍സെപ്റ്റ് യാഥാര്‍ഥ്യമാക്കാന്‍ ഞങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. നാര്‍ക്കോലെപ്സി വരുന്ന സമയത്തെ മാനറിസങ്ങള്‍ പഠിക്കാനായി യഥാര്‍ത്ഥ വീഡിയോകളും യൂട്യൂബ് ദൃശ്യങ്ങളും സഹായിച്ചിട്ടുണ്ട്” - തിരു വ്യക്തമാക്കുന്നു.
ഡിസ്നി യു ടി വിയും വിശാല്‍ ഫിലിം ഫാക്ടറിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ മലയാളിയായ ലക്ഷ്മി മേനോനാണ് നായിക. ഇനിയ, ശരണ്യ തുടങ്ങിയവരും ചിത്രത്തിലെ താരങ്ങളാണ്.
വിശാലിന് തീരാത്ത വിളയാട്ട് പിള്ളൈ, സമര്‍ എന്നീ സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് തിരു. ഏപ്രില്‍ 11നാണ് നാന്‍ സിഗപ്പു മനിതന്‍ റിലീസാകുന്നത്. വിശാലിന്‍റെ കഴിഞ്ഞ ചിത്രം പാണ്ഡ്യനാട് വന്‍ ഹിറ്റായിരുന്നു.