Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (19:57 IST)
'കത്തി'യുടെ വിജയപ്രഭയിലാണ് സംവിധായകന്‍ എ ആര്‍ മുരുഗദോസ്. നാലു ദിവസം കൊണ്ട് അമ്പതുകോടി കളക്ഷന്‍ നേടിയ സിനിമ തെന്നിന്ത്യന്‍ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തെറിയുകയാണ്. ഇളയദളപതി വിജയുടെ അഭിനയചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറുന്നു കത്തി.
ഈ സമയം എല്ലാ കണ്ണുകളും മുരുഗദോസിലാണ്. അടുത്ത സിനിമ ഏതായിരിക്കും? അത് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദിയിലാണ് സിനിമ ചെയ്യുന്നത്. ഒരു ഹീറോയിന്‍ ഓറിയന്‍റഡ് സിനിമയാണ്. നായിക സൊനാക്ഷി സിന്‍ഹ.
അതില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ മലയാളം വെബ്‌ദുനിയ പുറത്തുവിടുകയാണ്. തമിഴ് ചിത്രമായ 'മൌനഗുരു'വിന്‍റെ ഹിന്ദി റീമേക്കാണ് സൊനാക്ഷിയെ നായികയാക്കി മുരുഗദോസ് ഒരുക്കുന്നത്. മൌനഗുരുവില്‍ അരുള്‍നിധി അവതരിപ്പിച്ച നായക കഥാപാത്രത്തെ ഹിന്ദിയില്‍ വരുമ്പോള്‍ നായികയാക്കി മാറ്റുകയാണ് മുരുഗദോസ്. അരുള്‍നിധിയുടെ കഥാപാത്രത്തെ സ്ത്രീ കഥാപാത്രമാക്കി അത് സൊനാക്ഷി അവതരിപ്പിക്കട്ടെ എന്നാണ് സംവിധായകന്‍ തീരുമാനിച്ചിരിക്കുന്നത്.
വെറും നാലുകോടി രൂപ ബജറ്റില്‍ നവാഗതനായ ശാന്തകുമാര്‍ ആണ് 2011ല്‍ മൌനഗുരു സംവിധാനം ചെയ്തത്. ആദ്യമൊന്നും തിയേറ്ററുകളില്‍ ആളില്ലായിരുന്നെങ്കിലും മൌത്ത് പബ്ലിസിറ്റിയിലൂടെ സിനിമ കളംപിടിച്ചു. പടം മെഗാഹിറ്റായി മാറി.
എന്തായാലും ഈ സിനിമ റീമേക്ക് ചെയ്തുകൊണ്ട് മുരുഗദോസ് വീണ്ടും ബോളിവുഡില്‍ എത്തുമ്പോള്‍ ഏവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യമുണ്ട്. മുരുഗദോസിന്‍റെ ആദ്യ രണ്ട് ഹിന്ദി ചിത്രങ്ങളും - ഗജിനിയും ഹോളിഡേയും - 100 കോടി ക്ലബില്‍ ഇടം നേടിയവയാണ്. സൊനാക്ഷി സിന്‍ഹയെ മാത്രം കൂട്ടുപിടിച്ച്, നായകനില്ലാതെയുള്ള പുതിയ നീക്കത്തിലും ഒരു 100 കോടി വിജയം എ ആര്‍ മുരുഗദോസ് ആവര്‍ത്തിക്കുമോ? കാത്തിരിക്കാം.