സംവിധായകന്‍ രഞ്ജിത്തിന്റെ പഴയ പരിഭവങ്ങളും പിണക്കവുമെല്ലാം മാറി. ഒരിക്കല്‍ കൂടി രഞ്ജിത്തും മലയാളികളുടെ പ്രിയ താരവുമായ മോഹന്‍ലാലും ഒന്നിക്കുന്നു. മലയാള സിനിമയില്‍ പരീക്ഷണവഴിയിലൂടെ നടക്കുന്ന രഞ്ജിത് ഒരുക്കുന്ന ഈ മോഹന്‍ലാല്‍ ചിത്രവും ഒരു പരീക്ഷണമാണ്. ഏറെ പുതുമകളുള്ളൊരു പ്രമേയമാണ് സിനിമയായി മാറുന്നത്. വ്യത്യസ്ത മാനറിസങ്ങളുള്ള ഒരു കോട്ടയം അച്ചായനെയാണ് മോഹന്‍ലാലിനായി രഞ്ജിത് തയ്യാറാക്കിയിരിക്കുന്നത്.
പ്രമുഖ കഥാകൃത്ത് ഉണ്ണി ആര്‍ എഴുതിയ ‘ലീല’ എന്ന ചെറുകഥയാണ് രഞ്ജിത് സിനിമയാക്കുന്നത്. കോട്ടയം ഭാഷ സംസാരിക്കുന്ന നായകനെ മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കും. ഒരു സ്‌ത്രീ ലമ്പടനായ കഥാപാത്രമാണ് ചിത്രത്തില്‍ ലാലിന്റേത്.
വിചിത്രമായ മോഹങ്ങള്‍ ഉള്ള ആളാണ് നായകന്‍. ഒരു കൊമ്പനാനയുടെ കൊമ്പുകള്‍ക്കിടയില്‍ തുമ്പിക്കയ്യോട് ചേര്‍ത്ത് ഒരു സ്‌ത്രീയെ നഗ്നയാക്കി നിര്‍ത്തി ഭോഗിക്കണം എന്നതാണ് ഇയാളുടെ വിചിത്രമായ മോഹം. ഈ മോഹം നടപ്പിലാക്കാനായി ഇയാള്‍ ഒരു ദിവസം രാവിലെ യാത്ര പുറപ്പെടുന്നു. കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് വയനാട്ടിലാണ്. ഇതിനിടയില്‍ ഇയാള്‍ ചെന്നുചേരുന്ന ദേശങ്ങളും കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
പൃഥ്വിരാജിനെ നായകനാക്കി രഞ്‌ജിത്ത് സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ റുപ്പീ’ എന്ന ചിത്രത്തിനുശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക. മമ്മൂട്ടി തൃശൂര്‍ ഭാഷയില്‍ സംസാരിച്ച ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്‍റ്’ എന്ന രഞ്ജിത് ചിത്രം വന്‍വിജയമായിരുന്നു.
ഓര്‍ക്കാപ്പുറത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ദേവാസുരം, മായാമയൂരം, ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, ഉസ്താദ്, നരസിംഹം, രാവണപ്രഭു, ചന്ദ്രോത്സവം, റോക്ക് ‘ന്‍ റോള്‍ എന്നിവയാണ് മോഹന്‍ലാലുമായി രഞ്ജിത് സഹകരിച്ച ചിത്രങ്ങള്‍. റോക്ക് ‘ന്‍ റോളിന് ശേഷം മോഹന്‍ലാല്‍ ‘അടച്ചിട്ട ഒരു മുറി’യായി രഞ്ജിത്തിന് മുന്നില്‍ മാറി. മോഹന്‍ലാല്‍ ഏകനായ ഒരു മനുഷ്യനല്ലെന്നും വേഗം സമീപിക്കാനാവുന്നത് മമ്മൂട്ടിയെയാണെന്നും രഞ്ജിത് അഭിപ്രായപ്പെട്ടത് വലിയ ചര്‍ച്ചാവിഷയമായിരുന്നു.
എന്തായാലും രഞ്ജിത്തും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം.