സണ്ണി വെയ്‌ന്റെ ഫാമിലി ത്രില്ലര്‍,സിനിമകളില്‍ കാണുന്ന ആ ശൈലിയെ ഉടച്ച് വാര്‍ത്ത് 'അപ്പന്‍' തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 25 ജനുവരി 2022 (11:31 IST)

കുടുംബബന്ധങ്ങളുടെ കാണാപ്പുറങ്ങളും വന്യതയും പ്രമേയമാക്കി സണ്ണി വെയ്‌ന്റെ ഫാമിലി ത്രില്ലര്‍ ചിത്രം 'അപ്പന്‍' വരുന്നു; ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറങ്ങി.

ഫാമിലി ഡ്രാമ, ഡാര്‍ക് ഹ്യൂമര്‍, ആക്ഷേപ ഹാസ്യം, ത്രില്ലര്‍ എന്നിങ്ങനെ 4 വ്യത്യസ്ത തരം ജോണറുകള്‍ ഒരേ സമയം കൈകാര്യം ചെയ്യുന്ന, മജു സംവിധാനം ചെയ്ത് സണ്ണി വെയ്ന്‍-അലന്‍സിയര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അപ്പന്‍' സിനിമയുടെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറങ്ങി.

വാര്‍ദ്ധക്യവും അരക്ക് കീഴെ തളര്‍ച്ചയും ബാധിച്ച്, എന്നെന്നേക്കുമായി കട്ടിലില്‍ ജീവിതം തള്ളി നീക്കുന്ന ഒരു വൃദ്ധനായ അപ്പന്റെയും അദ്ദേഹത്തിന്റെ മരണവും സ്വത്തുക്കളും ആഗ്രഹിച്ച് ജീവിക്കുന്ന ഭാര്യയുടേം മക്കളുടെയും മരുമക്കളുടെയും ജീവിതം ചര്‍ച്ച ചെയ്യുന്ന ഒരു ചിത്രമാണ് 'അപ്പന്‍'. എന്നാല്‍ ഇത്തരം സിനിമകളില്‍ പൊതുവെ കാണുന്ന ഒരു ശൈലിയെ ഉടച്ച് വാര്‍ത്ത് കൊണ്ട് ചിത്രത്തിലെ ഏറ്റവും നെഗറ്റീവ് ഷേഡ് ഉള്ള, കുടുംബത്തിന് അങ്ങേയറ്റം ശല്യമായ ഒരു അപ്പന്റെ വേഷമാണ് ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രം തന്നെ ചെയ്യുന്ന അലന്‍സിയറൂടേത്.

സണ്ണി വെയ്‌നും ഗ്രെയ്സ് ആന്റണിയും മക്കളുടെ വേഷവും, അനന്യയും വിജിലേഷും മരുമക്കളുടെ വേഷവും ചെയ്യുന്ന ചിത്രത്തില്‍ പോളി വത്സന്‍ അലന്‍സിയറുടെ ഭാര്യയുടെ വേഷം ചെയ്യുന്നു. എല്ലാ പ്രധാന കഥാപാത്രങ്ങളും ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമാണ് പുലര്‍ത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മലയോര കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ആണ്.

തൊടുപുഴയുടെ ഗ്രാമീണഭംഗിയില്‍ ചിത്രീകരിച്ച 'അപ്പനി'ല്‍ രാധിക രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ ശ്രദ്ധേയമാണ്. 2 സംസ്ഥാന അവാര്‍ഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ച പ്രജേഷ് സെന്നിന്റെ 'വെള്ളം' സിനിമക്ക് ശേഷം രഞ്ജിത് മണബ്രക്കാട്ട് നിര്‍മാണം വഹിക്കുന്ന ചിത്രത്തില്‍ ജോസ്‌കുട്ടി മഠത്തില്‍ സഹനിര്‍മാതാവ് ആകുന്നു. ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെയും സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുന്നു. 'അപ്പന്‍' സിനിമയുടെ ഔദ്യോഗിക ട്രെയ്ലര്‍ യൂട്യൂബില്‍ 2021 ഡിസംബര്‍ 17ന് സൈന മൂവീസിന്റെ ചാനലിലൂടെ പുറത്തിറക്കിയിരുന്നു. ഇതിനോടകം 11 ലക്ഷത്തിലധികം കാഴ്ചക്കാരാര്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ യൂട്യൂബില്‍ കണ്ടുകഴിഞ്ഞു.

സംവിധായകന്‍ മജുവും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത്. പപ്പു ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തിനായി അന്‍വര്‍ അലി ഒരുക്കിയ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം: കൃപേഷ് അയ്യപ്പന്‍കുട്ടി, ചമയം: റോണക്സ് സേവിയര്‍. ടൈറ്റില്‍: ഷിന്റോ, ഡിസൈന്‍സ്; മുവീ റിപ്പബ്ലിക്, പി ആര്‍ ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :