ഹിറ്റ്‌ലറും അപ്പൂസും, കുടുംബങ്ങളില്‍ ഉയര്‍ന്ന് വീണ്ടും മമ്മൂട്ടി!

മമ്മൂട്ടി, ഫാസില്‍, സിദ്ദിക്ക്, ഷാജി കൈലാസ്, Mammootty, Fazil, Siddiq, Shaji Kailas
Last Modified വെള്ളി, 31 മെയ് 2019 (18:25 IST)
മമ്മൂട്ടി എക്കാലത്തും കുടുംബപ്രേക്ഷകരുടെ നായകനായിരുന്നു. മമ്മൂട്ടിച്ചിത്രങ്ങള്‍ക്ക് ഇരമ്പിയെത്തിയിരുന്നത് കുടുംബങ്ങളായിരുന്നു. അവരെ പിണക്കിയ സിനിമകളൊന്നും മമ്മൂട്ടി ചെയ്തിട്ടില്ല. എന്തിന് ആക്ഷന്‍ ത്രില്ലറായ ദി കിംഗ് എന്ന സിനിമയില്‍ പോലും കുടുംബബന്ധത്തിലെ ഇഴയടുപ്പവും ഇണക്കവും പിണക്കവുമെല്ലാം കടന്നുവരുന്നുണ്ട്.

അന്നത്തെക്കാലത്ത് 56 തിയേറ്ററുകളിലാണ് കിംഗ് പ്രദര്‍ശനത്തിനെത്തിയത്. പിന്നീട് ഓരോ ദിവസവും കൂടുതല്‍ തിയേറ്ററുകളിലേക്ക് പടര്‍ന്നുകയറി. മലയാള സിനിമയ്ക്ക് അതുവരെയുണ്ടായിരുന്ന കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തെറിഞ്ഞു. ജോസഫ് അലക്സ് എന്ന നായക കഥാപാത്രത്തെ യുവാക്കളേക്കാള്‍ കൂടുതല്‍ നെഞ്ചിലേറ്റിയത് കുടുംബങ്ങളായിരുന്നു. അവരുടെ സ്വന്തം കളക്ടറായി ജോസഫ് അലക്സ് മാറിയപ്പോള്‍ ബോക്സോഫീസ് കുലുങ്ങി.

ഹിറ്റ്‌ലര്‍ എന്ന സിനിമ ഓര്‍മ്മയുണ്ടോ? കുടുംബങ്ങള്‍ ആഘോഷമാക്കിയ മമ്മൂട്ടി സിനിമ. മാധവന്‍‌കുട്ടിയെന്ന വല്യേട്ടനെ അഞ്ച് പെങ്ങന്‍‌മാരേക്കാള്‍ കൂടുതല്‍ സ്നേഹിച്ചത് കേരളത്തിലെ സഹോദരിമാരായിരുന്നു. 39 പ്രധാന കേന്ദ്രങ്ങളില്‍ 150 ദിവസം തുടര്‍ച്ചയായി റഗുലര്‍ ഷോ പ്രദര്‍ശിപ്പിച്ച ഹിറ്റ്‌ലര്‍ സിദ്ദിക്ക് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു. 59 ബി ക്ലാസ് തിയേറ്ററുകളില്‍ 100 ദിവസം തകര്‍ത്തോടി ഹിറ്റ്‌ലര്‍.

മമ്മൂട്ടിയുടെ കണ്ണുനനഞ്ഞപ്പോഴും മനസിടറിയപ്പോഴും കേരളക്കര ഒന്നാകെ കരഞ്ഞുപോയത് ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന സിനിമ കണ്ടപ്പോഴായിരുന്നു. 27തിയേറ്ററുകളില്‍ 100 ദിവസം റഗുലര്‍ ഷോ കളിച്ച അപ്പൂസ് വന്‍ ഹിറ്റായി മാറി. ഫാസില്‍ എന്ന ആ സംവിധായകന്‍റെ മാജിക്കില്‍ കുടുംബപ്രേക്ഷകര്‍ നെഞ്ചേറ്റിയ സിനിമയില്‍ ഇളയരാജയുടെ മനോഹരമായ ഗാനങ്ങള്‍ ഉണ്ടായിരുന്നു.

ഈ ചിത്രങ്ങളെപ്പോലെ വ്യത്യസ്തവും കുടുംബങ്ങളില്‍ ആഘോഷമാകുന്നതുമായ സിനിമകള്‍ക്കായാണ് മമ്മൂട്ടി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഈ വര്‍ഷം മമ്മൂട്ടി പ്ലാന്‍ ചെയ്യുന്നതും അത്തരം ചിത്രങ്ങള്‍ തന്നെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :