Last Modified വ്യാഴം, 30 മെയ് 2019 (15:19 IST)
മമ്മൂട്ടിയെ നായകനാക്കി വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന, പത്മകുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റാണ് ഇപ്പോൾ ഷൂട്ട് ചെയ്യുന്നത്. ഇതിനായി സ്ട്രാ ഡാ ക്യാമറാ ക്രെയിന്‍ ലൊക്കേഷനിൽ എത്തിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
25 നിലയുള്ള കെട്ടിടത്തിന്റെ ഉയരത്തില്‍ വരെ ക്യാമറ ഉയര്‍ത്താന്‍ കഴിയുന്ന സ്ട്രാഡാ ക്രെയിന്‍ ഇതാദ്യമായാണ് ഒരു മലയാള സിനിമയില്‍ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ റാമോജി ഫിലിം സ്റ്റുഡിയോയിൽ മാത്രമാണ് ഈ ക്രയിനുള്ളത്. ഇവിടെ നിന്നുമാണ് പ്രതിദിനം 4 ലക്ഷം രൂപ വാടക നൽകി കൊച്ചിയിലെത്തിച്ചിരിക്കുന്നത്. 15 ദിവസത്തോളം ക്രെയിൻ ഉപയോഗിക്കേണ്ടി വരുമെന്നാണ് സൂചന.
ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള അവസാന മാമാങ്കത്തിലെ യുദ്ധരംഗങ്ങളാണ് നെട്ടൂരില്‍ ഒരുക്കിയിരിക്കുന്ന പടു കൂറ്റന്‍ യുദ്ധ ഭൂമിയില്‍ ചിത്രീകരിക്കുന്നത്. നൂറുകണക്കിന് ഭടന്മാരും ആനകളും കുതിരകളുമൊക്കെ അണി നിരക്കുന്ന വമ്പന്‍ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നത് കൃഷ്, ദങ്കല്‍, പത്മാവത് തുടങ്ങിയ മെഗാഹിറ്റ് ചിത്രങ്ങളുടെ ആക്ഷന്‍ സംവിധായകനായ ശ്യാം കൗശലാണ്.
18 ഏക്കറോളം ചിത്രത്തിന് സെറ്റ് ഇട്ടിരിക്കുകയാണ്. പല പ്രദേശങ്ങളിൽ നിന്നുള്ള ധീര യോദ്ധക്കൾ അവരുടെ ശക്തി തെളിയിക്കാൻ പോരാട്ടത്തിന് ഇറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചാവേറായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്. സമോറിൻ ഭരണാധികാരികളെ പരാജയപ്പെടുത്തുവാൻ ഇറങ്ങി തിരിക്കുന്ന ഈ യോദ്ധാക്കളുടെ കഥ പറയുന്ന ചിത്രം വലിയ ബഡ്ജറ്റിൽ തന്നെയാണ് ഒരുക്കുന്നത്.