ജനുവരിക്ക് മുമ്പ് 'ഇന്ത്യൻ 2' പൂർത്തിയാക്കാൻ കമൽഹാസൻ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (22:04 IST)
തിയേറ്ററുകളിലും സിനിമാസ്വാദകരുടെ മനസ്സിലും ഒരുപോലെ ആഘോഷമായ കമൽഹാസൻ ചിത്രമാണ് 'ഇന്ത്യൻ'. ഇതിൻറെ രണ്ടാം പതിപ്പിനായി കാത്തിരിക്കുന്ന ആരാധകർക്കൊരു സന്തോഷവാർത്തയാണ് കോളിവുഡിൽ നിന്ന് വരുന്നത്.

ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2021 ജനുവരിയോടെ പൂർത്തിയാക്കാൻ കമൽഹാസൻ ടീമിനോട് അഭ്യർത്ഥിച്ചുവെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചിത്രത്തിന്റെ സെറ്റുകളിൽ ഉണ്ടായ ഒരു അപ്രതീക്ഷിത അപകടത്തെ തുടർന്ന് സിനിമയുടെ ഷൂട്ടിംഗ് നിർത്തിവച്ചെങ്കിലും ടീം ഷൂട്ടിംഗ് പുനരാരംഭിക്കാൻ ഒരുങ്ങുകയാണെന്ന വാർത്ത ആരാധകരിൽ ആവേശം ഉണ്ടാക്കിയിരിക്കുകയാണ്.

2021 ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, 2021 ജനുവരി മുതൽ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താരം ആഗ്രഹിക്കുന്നുണ്ടെന്നാണ് വിവരം. അതിനാൽ തന്നെ ജനുവരിക്ക് മുമ്പ് തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് പ്ലാന്‍ ചെയ്യുന്നത്.

കാജൽ അഗർവാൾ, രകുൽ പ്രീത് സിംഗ്, വിവേക്, ദില്ലി ഗണേഷ്, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :