‘ഒറ്റവീർപ്പിനു അയാൾ എന്റെ കുടുംബ ചരിത്രം പറഞ്ഞു, ഞാൻ പോലും മറന്ന കാര്യങ്ങൾ’; ശേഷം പരിചയപ്പെടുത്തി, എന്റെ പേര് മമ്മൂട്ടി! - ശ്രീനിവാസൻ പറയുന്നു

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 17 മാര്‍ച്ച് 2020 (10:38 IST)
മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും സംവിധായകരുമായി നല്ല സൌഹൃദമുള്ളയാളാണ് ശ്രീനിവാസൻ. ശ്രീനിയും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ, താൻ ആദ്യമായി മമ്മൂട്ടിയെ കാണുകയും പരിചയപ്പെടുകയും ചെയ്ത കഥ ഓർത്തെടുക്കുകയാണ് ശ്രീനിവാസൻ. ശ്രീനിയുടെ വാക്കുകൾ ഇങ്ങനെ:

‘എം ടി തിരക്കഥയെഴുതുന്ന വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനു വേണ്ടി ഞാൻ ഷൊർണൂർ ഗസ്റ്റ് ഹൌസിലെത്തി. അവിടെ ചെന്നപ്പോൾ ഒരു മുറിയിൽ നിന്ന് സുമുഖനായ ചെറുപ്പക്കാരൻ പുറത്തേക്ക് വന്നു. എന്നെ കണ്ടയുടെ ‘ഹലോ.. മിസ്റ്റർ ശ്രീനിവാസൻ, നിങ്ങൾ മണിമുഴത്തിൽ അഭിനയിക്കാൻ എറണാകുളത്ത് വന്നപ്പോൾ ഞാൻ ബക്കർജിയോട് ചാൻസ് ചോദിക്കാൻ ഞാൻ അവിടെ വന്നിരുന്നു. പക്ഷേ അന്ന് ചാൻസ് കിട്ടിയില്ല. നിങ്ങളുടെ വീട് പാട്യത്ത് അല്ലേ? നിങ്ങളുടെ അച്ഛനും അമ്മയും സ്കൂൾ ടീച്ചേഴ്സ് അല്ലേ? മട്ടന്നൂർ എൻ എസ് എസ് കോളെജിൽ അല്ലേ നിങ്ങൾ പഠിച്ചത്? യൂണിവേഴ്സിറ്റിൽ ലെവലിൽ ഒക്കെ ബെസ്റ്റ് ആക്ടർ ആയിട്ടില്ലേ? അന്ന് മദിരാശിയിൽ കൃഷ്ണൻ ആർടിസിന്റെ ഒരു റേഡിയോ നാടകത്തിൽ നിങ്ങൾ അഭിനയിച്ചില്ലേ? അത് ഞാൻ കേട്ടിരുന്നു.‘ ഒറ്റവീർപ്പിനു അയാൾ എന്റേയും എന്റെ കുടുംബത്തിന്റേയും ഫുൾ ചരിത്രം പറയുകയാണ്.’

‘ഞാൻ പോലും മറന്നുപോയ കാര്യങ്ങൾ. പിന്നീട് ആണ് ഞാൻ മനസിലാക്കുന്നത് എന്റെ മാത്രമല്ല മലയാള സിനിമയിലെ മിക്കവാറും ആളുകളുടെ കുടുംബചരിത്രം ഇദ്ദേഹത്തിനറിയാം. ഞാൻ അയാളെ അന്തം‌വിട്ട് നോക്കി. അയാൾ കൈ നീട്ടി. ഞാൻ ഷെയ്ക് ഹാൻഡ് ചെയ്തു. എന്നിട്ട് അയാൾ എന്നോട് പറഞ്ഞു, ഞാൻ ഇതിൽ അഭിനയിക്കാൻ വന്നതാ പേര് മമ്മൂട്ടി’- കൈരളി ടിവിയുടെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിൽ പറഞ്ഞതാണ് ഇക്കാര്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :