ചെന്നൈ എക്സ്പ്രസ് മഹാവിജയമായി മാറിയിരിക്കുന്നു. 193 കോടി രൂപയാണ് ഇതുവരെ ചിത്രം വാരിക്കൂട്ടിയത്. ഇതുവരെ ചിത്രം നേടിയ ലാഭം 117 കോടി രൂപയാണ്. 75 കോടി രൂപ ബജറ്റുള്ള ഈ സിനിമയുടെ മഹാവിജയം അണിയറ പ്രവര്‍ത്തകരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
എന്തായാലും സംവിധായകന് രോഹിത് ഷെട്ടിയെ അത്ര പെട്ടെന്നൊന്നും വിട്ടുകളയാന്‍ ഷാരുഖ് ഖാന് തയ്യാറല്ല. അധികം വൈകാതെ ഇതേ ടീമിന്റെ മറ്റൊരു ചിത്രം പ്രതീക്ഷിക്കാമെന്നാണ് ഷാരുഖ് പറയുന്നത്.
“ഞാനും രോഹിതും ദീപികയും, ഈ സിനിമയ്ക്ക് ശേഷം ഇതുപോലെ തുടര്‍ച്ചയായി തമ്മില്‍ കാണില്ലേ? ഞാന്‍ അവരോട് പറഞ്ഞു, എനിക്ക് ദുഃഖം തോന്നുന്നു എന്ന്. എന്നാല്‍ രോഹിത് ഞങ്ങള്‍ക്കായി ഒരു പുതിയ കഥ എഴുതുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്” - അടുത്ത വര്‍ഷം രോഹിത് ഷെട്ടി - ഷാരുഖ് - ദീപിക ടീമിന്റെ ചിത്രം പ്രതീക്ഷിക്കാമെന്ന് കിംഗ് ഖാന് തന്നെ ഉറപ്പുനല്‍കുന്നു.
ചെന്നൈ എക്സ്പ്രസിന്റെ വമ്പന്‍ വിജയത്തിന് ശേഷം ‘സിങ്കം 2’ ഒരുക്കാനാണ് രോഹിത് ഷെട്ടി നീങ്ങുന്നത്. ഡിസംബറിലാണ് സിങ്കം 2 ചിത്രീകരണം തുടങ്ങുന്നത്. അതിന് ശേഷം ഷാരുഖ് ചിത്രം രോഹിത് ഷെട്ടി ആലോചിക്കുമെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.