‘എയ് ഓട്ടോ’ രേഖ അമ്മയാവുന്നു

WEBDUNIA|
സൂപ്പര്‍ ഹിറ്റുകളായ എയ് ഓട്ടോ, റാംജി റാവ് സ്പീക്കിംഗ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി വീണ്ടും അഭ്രപാളിയിലെത്തുന്നു. ഇത്തവണ ഒരു അമ്മയുടെ വേഷത്തിലാണ് രേഖയെത്തുന്നത്.

ഇന്ദുമുഖി-ചന്ദ്രമതി, സതി ലീലാവതി, മഹാത്മാഗാന്ധി കോളനി എന്നീ കോമഡി സീരിയലുകളുടെ സംവിധായകന്‍ സജി സുരേന്ദ്രന്‍ സം‌വിധാനം ചെയ്യുന്ന ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന ചിത്രത്തില്‍ ജയസൂര്യയുടെ അമ്മ വേഷത്തിലാണ് രേഖ അഭിനയിക്കുക.

ഒരു വക്കീല്‍ കുടുംബത്തിന്റെ കഥയാണ് ‘ഇവര്‍ വിവാഹിതരായാല്‍’. അഭിഭാഷക ദമ്പതിമാരാണ് അനന്തകൃഷ്ണനും, നന്ദിനിയും. ഇവരുടെ മകനാണ് എംബിഎക്കാരനായ വിവേക്. എംബിഎ പഠനം പൂര്‍ത്തിയാക്കിയ വിവേക് തനിക്ക് വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നു.

മാതാപിതാക്കളതിന് സമ്മതിച്ച് വിവേകിന് ഇഷ്ടപ്പെട്ട പെണ്‍‌കുട്ടിയെ വിവാഹം ചെയ്തുകൊടുക്കുന്നു. എന്നാല്‍ ചെറിയ പ്രായത്തില്‍ വിവാഹിതനായ വിവേകിന്റെ ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാവുന്നു. രസകരമായ ഈ സംഭവങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ഈ സിനിമയില്‍.

രേഖയാണ് നന്ദിനിയെ അവതരിപ്പിക്കുന്നത്. അനന്തകൃഷ്ണനായി സിദ്ദിഖും വിവേകായി ജയസൂര്യയും വേഷമിടുന്നു. നെടുമുടി വേണു, മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, പ്രദീപ് പ്രഭാകര്‍, സംവൃതാസുനില്‍ തുടങ്ങയവരും അഭിനയിക്കുന്നു. അടുത്തമാസം 20ന് ചിത്രീകരണം ആരംഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :