സിംഹാസനം കുടുംബചിത്രം, അടുത്തത് കോമഡി, ഷാജി മാറുന്നു!
WEBDUNIA|
PRO
ഷാജി കൈലാസിന് തിരിച്ചടികളുടെ കാലമാണ്. ബാബാ കല്യാണി എന്ന ശരാശരി വിജയചിത്രത്തിന് ശേഷം ഒരു ഹിറ്റ് മലയാളത്തില്‍ നല്കാന് ഷാജി കൈലാസിന് കഴിഞ്ഞിട്ടില്ല. ടൈം, അലിഭായ്, സൌണ്ട് ഓഫ് ബൂട്ട്, റെഡ് ചില്ലീസ്, ദ്രോണ 2010, ഓഗസ്റ്റ് 15, ദി കിംഗ് ആന്റ് ദി കമ്മീഷണര്‍ എന്നിങ്ങനെയാണ് പരാജയങ്ങളുടെ തുടര്‍ക്കഥ ഷാജി രചിച്ചത്.
എന്തായാലും ആക്ഷന്‍ സിനിമകളുടെ ട്രാക്ക് മാറാനൊരുങ്ങുകയാണ് ഷാജി കൈലാസ്. ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ‘സിംഹാസനം’ ആക്ഷന്‍ മൂഡുണ്ടെങ്കിലും കുടുംബബന്ധങ്ങളുടെ കഥയാണ് പറയുന്നത്. അടുത്ത സിനിമയായ മദിരാശിയാകട്ടെ സമ്പൂര്‍ണ കോമഡിച്ചിത്രമാണ്.
നാടുവാഴികള്‍, ലേലം, തേവര്മകന് തുടങ്ങിയ സിനിമകളുടെ ചുവടുപിടിച്ചാണ് സിംഹാസനം ഒരുങ്ങുന്നത്. അച്ഛനും മകനുമായി സായികുമാറും പൃഥ്വിരാജും എത്തുന്നു. പൃഥ്വിയുടെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുണ്ടെങ്കിലും ഇതൊരു കുടുംബചിത്രമാണെന്നാണ് സംവിധായകന് പറയുന്നത്.
ഒരച്ഛനും മകനും തന്നിലുള്ള അഗാധമായ സ്നേഹബന്ധവും മകന്റെ പ്രണയവും സിംഹാസനത്തിന്റെ സവിശേഷതയാണ്. ആ സ്നേഹബന്ധത്തെ അക്രമത്തിലൂടെ തകര്‍ക്കാന്‍ ചിലര്‍ എത്തുമ്പോള്‍ പൃഥ്വി അവതരിപ്പിക്കുന്ന അര്ജ്ജുന് എന്ന കഥാപാത്രം പ്രതികരിക്കുന്നു, അതിശക്തമായി, അസാധാരണമായി.
സിംഹാസനത്തോടെ ആക്ഷന്‍ സിനിമകളിലൂടെയുള്ള പ്രയാണം ഷാജി കൈലാസ് അവസാനിപ്പിക്കുകയാണ്. അടുത്തത് ജയറാം നായകനാകുന്ന മദിരാശി. സൈക്കിള്‍ വാങ്ങാന്‍ കോയമ്പത്തൂരിലെത്തുന്ന ഒരു പാവം ചെറുപ്പക്കാരന് ചെന്നുപെടുന്ന അബദ്ധങ്ങളാണ് ചിത്രം പറയുന്നത്.