Last Modified ശനി, 11 ജൂലൈ 2015 (14:55 IST)
ഒകെ കണ്മണിക്ക് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും ഐശ്വര്യ റായിയുമാണ് ജോഡി. അക്കാര്യം ഉറപ്പായി. ഒപ്പം കാര്‍ത്തിയും ശ്രുതിഹാസനും ചേരുമ്പോള്‍ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് മണിരത്നം. എ ആര് റഹ്മാന് സംഗീതം നല്കുന്ന ചിത്രത്തിന് സന്തോഷ് ശിവന് ക്യാമറ ചലിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ പ്രൊജക്ടിന്റെ ഒഫിഷ്യല്‍ പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് വിവരം. നേരത്തേ, നാഗാര്‍ജ്ജുനയെയും മഹേഷ്ബാബുവിനെയും നായകന്മാരാക്കി ആലോചിച്ച പ്രൊജക്ടാണിത്. എന്നാല്‍ ചര്‍ച്ചാഘട്ടത്തില്‍ തന്നെ നാഗാര്‍ജുനയും മഹേഷ് ബാബുവുമായുള്ള കോമ്പിനേഷന്‍ ശരിയായില്ല. പിന്നീട് മമ്മൂട്ടിയെയും കാര്‍ത്തിയെയും ആ കഥാപാത്രങ്ങളായി ആലോചിക്കുകയായിരുന്നു.
ഈ പ്രൊജക്ടിനായി മമ്മൂട്ടി ഓപ്പണ്‍ ഡേറ്റ് നല്‍കിയിരിക്കുകയാണെന്നാണ് വിവരം. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രത്തെയാണ് മണിരത്നം ഒരുക്കിയിരിക്കുന്നതെന്നും അറിയുന്നു.
‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു ഐശ്വര്യ റായ്. ദളപതി എന്ന മെഗാഹിറ്റിന് ശേഷം മമ്മൂട്ടിയും മണിരത്നവും ഒന്നിക്കുന്നു എന്നതും പ്രത്യേകതയാണ്.