Last Modified തിങ്കള്‍, 6 ജൂലൈ 2015 (19:43 IST)
ദൃശ്യത്തിന്റെ തമിഴ് പടയോട്ടം ആരംഭിച്ചു. തമിഴ് റീമേക്കായ ‘പാപനാശം’ കളക്ഷന്‍ റെക്കോര്‍ഡിലേക്ക് നീങ്ങുകയാണ്. ആദ്യത്തെ മൂന്നുദിവസം കൊണ്ട് പാപനാശം സമ്പാദിച്ചത് ദൃശ്യത്തിന്റെ മൊത്തം കളക്ഷന്റെ പകുതിയോളമാണ്. കമല്ഹാസന് തകര്ത്താടിയിരിക്കുന്ന സിനിമ ജീത്തു ജോസഫിന് മറ്റൊരു ഭൂമികുലുക്കുന്ന മെഗാഹിറ്റ് കൂടി സമ്മാനിച്ചിരിക്കുകയാണ്.
‘മഹാനദി’ക്ക് ശേഷം കമല്ഹാസന് ഉള്ളുലയ്ക്കുന്ന പ്രകടനം കാഴ്ചവയ്ക്കുകയാണ് പാപനാശത്തിലൂടെ. ചെന്നൈയില്നിന്നുമാത്രം ആദ്യ മൂന്നുദിവസം കൊണ്ട് 1.34 കോടി രൂപയാണ് പാപനാശം വാരിക്കൂട്ടിയത്. കമല്‍ഹാസന്റെ കഴിഞ്ഞ ചിത്രമായ ഉത്തമവില്ലന്റെ ചെന്നൈയിലെ ആദ്യ വീക്കെന്‍ഡ് കളക്ഷന്‍ 85 ലക്ഷത്തില്‍ ഒതുങ്ങിയിരുന്നു എന്നോര്‍ക്കുക.
തമിഴ്നാട്ടില്‍നിന്നുമാത്രം 14.7 കോടി രൂപ സ്വന്തമാക്കിയ പാപനാശത്തിന്റെ ഇതുവരെയുള്ള ടോട്ടല്‍ കളക്ഷന്‍ 22.4 കോടി രൂപയാണ്. ഇത് ദൃശ്യം എന്ന മെഗാഹിറ്റിന്റെ മൊത്തം കളക്ഷന്റെ പകുതിയോളം വരും.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് രണ്ടേകാല്‍ കോടി രൂപയാണ് ആദ്യ വാരാന്ത്യ കളക്ഷന്‍. വിദേശത്തുനിന്ന് അഞ്ചേമുക്കാല്‍ കോടി രൂപയും ചിത്രം സ്വന്തമാക്കി. ലോകമെമ്പാടുമായി 750 സ്ക്രീനുകളിലാണ് പാപനാശം പ്രദര്‍ശിപ്പിക്കുന്നത്.