ഒരു ടീ എസ്റ്റേറ്റിലെ അസിസ്റ്റന്‍റ് മാനേജരാണ് അയാള്‍, പി കെ ജയരാജന്‍. അയാളുടെ സ്വപ്നങ്ങള്‍ വലുതായിരുന്നു. പണം, പെണ്ണ് എല്ലാം അയാളെ ഉന്‍മത്തനാക്കി. അതിനുവേണ്ടി അയാള്‍ എന്തും ചെയ്യുമായിരുന്നു. സുഹൃത്തുക്കളും അയാളുടെ കീഴ്ജീവനക്കാരുമായ ചന്ദ്രനെയും ജോണിയെയും എല്ലാ കൊള്ളരുതായ്‌മകള്‍ക്കുമായി അയാള്‍ ഉപയോഗിച്ചു. ഒടുവില്‍ അനിവാര്യമായത് സംഭവിച്ചു. അയാള്‍ കുരുക്കുകളില്‍ നിന്ന് കുരുക്കുകളിലേക്ക് നീക്കിയിരുന്നു. ഒടുവില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍, അവിടെയും അയാള്‍ ജയിച്ചു. ആര്‍ക്കും മുന്നില്‍ തോല്‍ക്കാതെ മരണത്തിലേക്ക് സ്വയം കുതിച്ചു.
പി കെ ജയരാജന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത് മോഹന്‍ലാലാണ്. ചിത്രം - ഉയരങ്ങളില്‍. സംവിധാനം ഐ വി ശശി. തിരക്കഥ എം ടി വാസുദേവന്‍ നായര്‍. 1984ല്‍ പുറത്തുവന്ന ഉയരങ്ങളില്‍ എന്ന ത്രില്ലര്‍ മികച്ച വിജയമാണ് നേടിയത്.
‘ഉയരങ്ങളില്‍’ റീമേക്ക് ചെയ്യുകയാണ്. അതും മലയാളത്തില്‍ തന്നെ. ജോമോന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് എം ടി വാസുദേവന്‍ നായര്‍ തന്നെ തിരക്കഥയെഴുതും. കാലികമായ മാറ്റങ്ങളോടെ എം ടി വാസുദേവന്‍ നായര്‍ തിരക്കഥ മാറ്റിയെഴുതും.
വൈശാഖ രാജനാണ് ‘ഉയരങ്ങളില്‍’ റീമേക്ക് നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ ഈ സിനിമയില്‍ വീണ്ടും അഭിനയിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍ സംവിധായകന്‍ ഇതിനായി ശ്രമിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചന.