സ്റ്റാര്‍ സിംഗര്‍: വിവാദത്തിന് മറുപടിയുമായി യേശുദാസ്

WEBDUNIA|
PRO
വിവാദപുരുഷനായി മാറാന്‍ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് യേശുദാസ്. എല്ലാ വിവാദങ്ങളില്‍ നിന്നും തൊഴുത്തില്‍കുത്തുകളില്‍ നിന്നും ചെളിവാരിയേറില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രതികരിക്കേണ്ട കാര്യങ്ങള്‍ക്ക് പ്രതികരിക്കുകയും ചെയ്യും. അങ്ങനെയുള്ള ഗാനഗന്ധര്‍വനെ ഇപ്പോള്‍ ഒരു വിവാദഭൂതം പിടികൂടിയിരിക്കുകയാണ്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ അഞ്ചാം സീസണിന്‍റെ ഗ്രാന്‍റ് ഫിനാലെയോടനുബന്ധിച്ച് യേശുദാസ് നടത്തിയ പ്രസംഗമാണ് വിവാദമായത്. കല്‍പ്പന രാഘവേന്ദ്ര എന്ന പെണ്‍കുട്ടിയാണ് സ്റ്റാര്‍ സിംഗര്‍ അഞ്ചാം സീസണില്‍ ജേതാവായത്. എന്നാല്‍ ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, കല്‍പ്പന രാഘവേന്ദ്ര നന്നായി പെര്‍ഫോം ചെയ്തെന്നും താന്‍ അതിശയിച്ചുപോയെന്നും സംഗീതത്തിന്‍റെ മികച്ച അടിത്തറ കല്‍പ്പനയ്ക്കുണ്ടെന്നും തനിക്ക് കല്‍പ്പനയുടെ കുടുംബത്തെ അടുത്തറിയാമെന്നും യേശുദാസ് വേദിയില്‍ പറയുകയായിരുന്നു.

യേശുദാസിന്‍റെ ഈ പ്രസംഗം ഫലപ്രഖ്യാപനത്തെ സ്വാധീനിച്ചു എന്നാണ് ആരോപണം. ഫലപ്രഖ്യാപനത്തില്‍ യേശുദാസ് അന്യായമായി ഇടപെട്ടു എന്നാരോപിച്ച് തിരുവനന്തപുരം മുന്‍സിഫ്‌ കോടതിയില്‍ രണ്ടുപേര്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്കും, വിവാദങ്ങള്‍ക്കും മറിപടി നല്‍കാനാണ് യേശുദാസ് ഇപ്പോള്‍ ഒരുങ്ങുന്നത്.

തിരുവനന്തപുരത്തെ ഏതെങ്കിലും ഒരു പൊതുവേദിയില്‍ യേശുദാസ് തന്‍റെ ഭാഗം വിശദീകരിക്കുമെനാണ് അറിയുന്നത്. ചില മാധ്യമ സുഹൃത്തുക്കളുടെയും മറ്റും നിര്‍ബന്ധത്തിന് വഴങ്ങിയാണ് യേശുദാസ് ഒരു വിശദീകരണത്തിന് തയ്യാറാകുന്നത്. എന്നാല്‍ യേശുദാസ് ഇത്തരത്തില്‍ വിശദീകരണം നടത്താന്‍ തയ്യാറാണെന്ന് വ്യക്തമായതോടെ അത് തങ്ങള്‍ക്കുള്ള എക്സ്ക്ലുസീവ് അഭിമുഖമാക്കി മാറ്റാന്‍ ചില ന്യൂസ് ചാനലുകള്‍ ശ്രമിക്കുന്നുണ്ട്. യേശുദാസ് പക്ഷേ ആരോടും സമ്മതമറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന് കടപ്പാട് - ഏഷ്യാനെറ്റ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :