കുട്ടികളുടെ മ്യൂസിക് റിയാലിറ്റി ഷോ ആയ മഞ്ച് സ്റ്റാര്‍ സിംഗര്‍ ഫൈനല്‍ വേദിയില്‍ വെച്ച് തന്നെ ജഗതി ശ്രീകുമാര്‍ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. ‘അഭിപ്രായ സ്വാതന്ത്ര്യം’ എന്ന വിഷയത്തെ അധികരിച്ച് ‘ഡെക്കാന്‍ ക്രോണിക്കിള്‍’ എന്ന ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ കുറിപ്പിലാണ് ജഗതിയെ രഞ്ജിനി ഹരിദാസ് രൂക്ഷമായി വിമര്‍ശിക്കുന്നത്. പേര് പറയാതെ ‘മിസ്റ്റര്‍ മൂണ്‍’ (‘അമ്പിളി’ എന്നൊരു വിളിപ്പേര് ജഗതി ശ്രീകുമാറിന് ഉണ്ടല്ലോ) എന്നാണ് ജഗതിയെ രഞ്ജനി കുറിപ്പില്‍ വിശേഷിപ്പിക്കുന്നത്.
സ്വാതന്ത്ര്യ ദിനത്തലേന്ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന മഞ്ച് സ്റ്റാര്‍ സിംഗര്‍ ഫൈനലിലാണ് രഞ്ജനിയുടെ ഭാഷാപ്രയോഗങ്ങള്‍ക്കും തലക്കനത്തിനും എതിരെ ജഗതി ആഞ്ഞടിച്ചത്. ഒരു പ്രമുഖ റിയാലിറ്റി ഷോയുടെ അവതാരക പലപ്പോഴും വിധികര്‍ത്താവ് ചമയാറുണ്ട് എന്നായിരുന്നു ജഗതി തുറന്നടിച്ചത്. രഞ്ജിനിയുടെ ചില ആക്ഷനുകള്‍ ജഗതി അനുകരിച്ച് കാട്ടുകയും ചെയ്തു. രഞ്ജിനിയും സ്റ്റേജില്‍ ഉണ്ടായിരുന്നു.
ഒടുക്കം ജഗതിയുടെ പക്കല്‍ നിന്ന് മൈക്ക് കിട്ടിയപ്പോള്‍ താനിത് ചോദിച്ച് മേടിച്ചെന്നായിരുന്നു രഞ്ജിനിയുടെ കമന്റ്. ഞായറാഴ്ച നടന്ന ഫൈനലിന്റെ തത്സമയ സംപ്രേക്ഷണത്തില്‍ ജഗതിയുടെ വിമര്‍ശനം മുഴുവന്‍ ഏഷ്യാനെറ്റിന് സംപ്രേക്ഷണം ചെയ്യേണ്ടിവന്നു. എന്നാല്‍ സ്വാതന്ത്ര്യദിനത്തിലെ റീടെലികാസ്റ്റിംഗ് ഈ രംഗങ്ങള്‍ എഡിറ്റിംഗിലൂടെ ഏഷ്യാനെറ്റ് വെട്ടിമാറ്റി.
തന്നെ വിമര്‍ശിച്ചത് ആളാകാനാനുള്ള ജഗതിയുടെ തന്ത്രമായിരുന്നു എന്നാണ് ഡെക്കാന്‍ ക്രോണിക്കിലെ കുറിപ്പില്‍ രഞ്ജിനി ആരോപിക്കുന്നത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിക്കൊണ്ട് ജഗതി തന്നെ പൊതുജനങ്ങളുടെ മുമ്പില്‍ വച്ച് അപമാനിക്കുകയായിരുന്നു എന്നും രഞ്ജിനി ആരോപിക്കുന്നു.
തനിക്ക് കരഞ്ഞുകൊണ്ട് സ്റ്റേജില്‍ നിന്ന് ഓടിപ്പോവുകയോ കണ്ണിന് പകരം കണ്ണ് അല്ലെങ്കില്‍ പല്ലിന് പകരം പക്ക് എന്ന രീതിയില്‍ തിരിച്ച് വിമര്‍ശിക്കുകയോ ചെയ്യാമായിരുന്നു എന്ന് രഞ്ജിനി എഴുതുന്നു. എന്നാല്‍ തന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കുക എന്നതാണ് പ്രധാനം എന്ന് മനസിലാക്കി സ്വതസിദ്ധമായ പുഞ്ചിരിയോടെ താന്‍ എല്ലാം ക്ഷമിക്കുകയായിരുന്നു എന്ന് രഞ്ജിനി പറയുന്നു. എന്തായാലും നടന്നത് ‘ചീപ്പ് പബ്ലിസിറ്റി’ ആയിരുന്നുവെന്നും തനിക്കിപ്പോള്‍ ജഗതിയെന്ന അഭിനയപ്രതിഭയോട് യാതൊരുവിധ ബഹുമാനവും ഇല്ലെന്നും രഞ്ജനി കുറിപ്പില്‍ തുറന്നടിച്ചിട്ടുണ്ട്.