തിരുനെല്‍‌വേലി കോടതിയില്‍ ഷക്കീല ഹാജരായി!

WEBDUNIA|
PRO
PRO
സിനിമയില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് തിരുനെല്‍‌വേലിയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടി വെള്ളിയാഴ്ച ഹാജരായി. ‘നാലാം‌സിംഹം’ എന്ന മലയാളം ‘ഇളമൈ കൊണ്ടാട്ടം’ എന്ന പേരില്‍ തമിഴില്‍ ഡബ്ബ് ചെയ്ത് തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തിരുനെല്‍‌വേലിയിലെ പാളയം‌കോട്ടയിലെ ഒരു തീയേറ്ററില്‍ ഈ സിനിമ സെന്‍സര്‍ ബോര്‍ഡ് വെട്ടിനീക്കിയ ഭാഗങ്ങളോടെയാണ് പ്രദര്‍ശിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് തിരുനെല്‍‌വേലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷക്കീല കോടതിയില്‍ ഹാജരായത്.

ഷക്കീല, ദളപതി ദിനേഷ് തുടങ്ങി ഒമ്പത് പേര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. 2003 ആഗസ്റ്റ് മാസം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ കേസില്‍ ഈ വെള്ളിയാഴ്ചയാണ് വിചാരണ നടന്നത്. ഷക്കീല ഹാജരാകുന്നുണ്ട് എന്നറിഞ്ഞ് നിരവധി പേര്‍ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. എന്നാല്‍ മുസ്ലീം വേഷം ധരിച്ചത്തിയ ഷക്കീല മുഖം പോലും പര്‍ദ്ദ കൊണ്ട് മൂടിയാണ് കോടതി പരിസരത്ത് എത്തിയത്. കോടതിയില്‍ ഹാജരാകുന്ന സമയത്താണ് ഷക്കീല ചുരിദാറിന് മുകളില്‍ ധരിച്ചിരുന്ന മുസ്ലീം വേഷം മാറ്റിയത്.

രാവിലെ പത്ത് മണിക്കുതന്നെ ഷക്കീല കോടതി പരിസരത്ത് എത്തിയെങ്കിലും കേസ് ഉച്ചതിരിഞ്ഞേ വിചാരണയ്ക്ക് എടുക്കുകയുള്ളൂ എന്നറിഞ്ഞ് കാറില്‍ കയറി തിരിച്ചുപോയി. ഉച്ചതിരിഞ്ഞ് അഞ്ചരയോടെയാണ് വിചാരണ തുടങ്ങിയത്. താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മലയാള സിനിമ തമിഴിലേക്ക് ഡബ്ബ് ചെയ്യുന്ന സമയത്ത് തന്റേതല്ലാത്ത അശ്ലീലഭാഗങ്ങള്‍ ചേര്‍ക്കുകയാണ് ഉണ്ടായതെന്നും ഷക്കീല കോടതിയെ ബോധിപ്പിച്ചു. സിനിമയില്‍ നായകനായി അഭിനയിച്ച് ദളപതി ദിനേഷും ഇതുതന്നെ പറഞ്ഞു. തുടര്‍ന്ന് കേസ് ഏപ്രില്‍ മാസം 26-ലേക്ക് നീട്ടിവയ്ക്കുന്നതായി മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :