ഷാജി പാപ്പന്‍ വീണ്ടും, ‘ആട്’ രണ്ടാം ഭാഗം ഉടന്‍ !

Last Modified തിങ്കള്‍, 4 ജനുവരി 2016 (19:09 IST)
‘ആട് ഒരു ഭീകര ജീവിയാണ്’ തിയേറ്ററുകളില്‍ വിജയമൊന്നുമായിരുന്നില്ല. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആ സിനിമ ഏറെ വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. റിലീസായ സമയത്ത് നെഗറ്റീവ് നിരൂപണത്തിന്‍റെ ഇരയായി സിനിമ മാറി. എന്നാല്‍ സിനിമ വന്നുപോയി മാസങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആരാധകരുള്ള ചിത്രങ്ങളിലൊന്നായി ആട് മാറി.

ഈ ജയസൂര്യച്ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്നതാണ് പുതിയ വാര്‍ത്ത. ജയസൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിംസ് അതിന്‍റെ കാര്യങ്ങള്‍ തിരക്കിട്ട് നീക്കിക്കൊണ്ടിരിക്കുകയാണ്.

ആട് വിജയിച്ചില്ലെങ്കിലും ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍ എന്ന കഥാപാത്രം ഹിറ്റായി മാറിയിരുന്നു. ഷാജി പാപ്പനെ തന്നെ കേന്ദ്ര കഥാപാത്രമാക്കി ആടിന്‍റെ രണ്ടാം ഭാഗം ഒരുങ്ങും. മിഥുന്‍ തന്നെയായിരിക്കുമോ ചിത്രത്തിന്‍റെ സംവിധായകന്‍ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.

ഷാജി പാപ്പനായി അഭിനയിക്കാന്‍ ജയസൂര്യ തന്‍റെ ശരീരഭാരം 80 കിലോയായി വര്‍ദ്ധിപ്പിച്ചിരുന്നു. നാല്‍പ്പത് വയസുകടന്ന വില്ലന്‍ കഥാപാത്രമായി വീണ്ടും മാറാന്‍ എന്തായാലും ജയസൂര്യ മാനസികമായി തയ്യാറെടുത്തുകഴിഞ്ഞു എന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :