Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (15:33 IST)
തമിഴകത്തെ എക്കാലത്തെയും മികച്ച റൊമാന്റിക് എന്റര്‍ടെയ്നറുകളില്‍ പ്രധാനപ്പെട്ടതാണ് വിണ്ണൈത്താണ്ടി വരുവായാ. ചിമ്പുവും ത്രിഷയും ജോഡിയായ ഈ ഗൌതം വാസുദേവ് മേനോന് ചിത്രം മെഗാഹിറ്റായിരുന്നു. എ ആര് റഹ്മാന് ഈണമിട്ട ഗാനങ്ങളും കേരളത്തിലെയും വിദേശത്തെയും ലൊക്കേഷനുകളും തരംഗമായി മാറി.
കാര്‍ത്തിക്കും ജെസിയും തമ്മിലുള്ള പ്രണയവും പ്രണയനഷ്ടവുമായിരുന്നു ആ സിനിമയുടെ പ്രമേയം. ‘ജെസി’ എന്ന പേരില്‍ കാര്‍ത്തിക് സിനിമ സംവിധാനം ചെയ്യുന്നതും അത് വലിയ രീതിയില്‍ സ്വീകരിക്കപ്പെടുന്നതുമായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്. എന്തായാലും അവിടെനിന്ന് പുതിയ കഥ ആരംഭിക്കുകയാണ്.
അതേ, ‘വിണ്ണൈത്താണ്ടി വരുവായാ 2’ എത്തുന്നു. ഗൌതം വാസുദേവ് മേനോന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിമ്പു നായകനാകുന്ന ‘അച്ചം എന്‍പത് മഡൈയടാ’യ്ക്ക് ശേഷം വിണ്ണൈത്താണ്ടിയുടെ രണ്ടാം ഭാഗം ആരംഭിക്കും. എ ആര് റഹ്മാന് തന്നെ ഈ പ്രൊജക്ടിനും സംഗീതം നല്‍കും.
ചിമ്പുവും ത്രിഷയും തന്നെയായിരിക്കും ‘വിടിവി2’ലും ജോഡിയാവുക. ചിമ്പുവിന്റെ കൂട്ടുകാരനായി ഇത്തവണയും ഗണേഷ് ഉണ്ടായിരിക്കും. വിണ്ണൈത്താണ്ടി വരുവായായില്‍ അതിഥിവേഷങ്ങള് ചെയ്ത സമാന്തയും നാഗചൈതന്യയും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ടെന്നാണ് സൂചന.