'യെന്നൈ അറിന്താല്‍' - കാക്ക കാക്ക, വേട്ടൈയാട് സാദൃശ്യം സ്വാഭാവികം!

യെന്നൈ അറിന്താല്‍, സൂര്യ, അജിത്, ഗൌതം വാസുദേവ് മേനോന്‍, ലിയോ സ്റ്റാലണ്‍ ഡേവിസ്
Last Updated: വെള്ളി, 20 ഫെബ്രുവരി 2015 (13:29 IST)
ഗൌതം മേനോന്‍ പറയുന്നു - അതേ, 'യെന്നൈ അറിന്താല്‍' എന്ന ചിത്രത്തിന് കാക്ക കാക്കയുമായും വേട്ടൈയാട് വിളയാടുമായുമുള്ള സാദൃശ്യം സ്വാഭാവികം. കാരണം ഈ സിനിമ പൊലീസ് സ്റ്റോറി ത്രയത്തിലെ അവസാന ചിത്രമാണ്. കാക്ക കാക്കയിലെയും വേട്ടൈയാടിലെയും കേന്ദ്ര കഥാപാത്രങ്ങളുടെ എക്സ്റ്റന്‍ഷനാണ് യെന്നൈ അറിന്താലിലെ സത്യദേവ് ഐ പി എസ്.

യെന്നൈ അറിന്താല്‍ തമിഴകത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളുടെ പട്ടികയില്‍ ഇടം കണ്ടുകഴിഞ്ഞു.
"സിനിമയോടുള്ള പ്രേക്ഷകപ്രതികരണത്തില്‍ ഞാന്‍ തൃപ്തനാണ്. എന്‍റെ കഴിഞ്ഞ സിനിമകളുമായി ഈ ചിത്രത്തിന് ഏറെ സാദൃശ്യമുണ്ടെന്ന വിമര്‍ശനം ഞാനും കേട്ടു. ഇതൊരു ത്രയത്തിന്‍റെ ഭാഗമായതിനാല്‍ കഴിഞ്ഞ രണ്ടുസിനിമകളുമായുള്ള സാദൃശ്യം ബോധപൂര്‍വം തന്നെ സൃഷ്ടിച്ചതാണ്" - ഗൌതം വാസുദേവ് മേനോന്‍ പറയുന്നു.

അജിത്തും ഇതേക്കുറിച്ച് ബോധവാനായിരുന്നു എന്നും മറ്റ് രണ്ട് സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളുടെ തുടര്‍ച്ചയാണ് സത്യദേവ് എന്നും ഗൌതം വ്യക്തമാക്കി.

"സൂര്യയുടെ അന്‍‌പുസെല്‍‌വന്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം എങ്ങനെയായിരിക്കും എന്നതാണ് സത്യദേവ് എന്ന അജിത് കഥാപാത്രം. അപ്പോള്‍ കഥാപാത്രങ്ങളുടെ സ്വഭാവരീതികളില്‍ സാദൃശ്യമുണ്ടാവുക യാദൃശ്ചികം" - ഫെബ്രുവരി 5ന് പ്രദര്‍ശനത്തിനെത്തിയ യെന്നൈ അറിന്താലിന്‍റെ ബോക്സോഫീസ് കളക്ഷന്‍ 78 കോടി പിന്നിട്ടു. ഉടന്‍ തന്നെ ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിക്കും.

അരുണ്‍ വിജയ്, തൃഷ കൃഷ്ണന്‍, അനുഷ്ക ഷെട്ടി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയ്ക്ക് രണ്ടാം ഭാഗവും ആലോചനയിലാണ്.

"ചിത്രവും അജിത്തിന്‍റെ കഥാപാത്രവും നന്നായി സ്വീകരിക്കപ്പെടുകയാണെങ്കില്‍ യെന്നൈ അറിന്താലിന് രണ്ടാം ഭാഗം ചെയ്യാമെന്ന് പദ്ധതിയിട്ടിരുന്നു. എന്തായാലും സിനിമ ഇപ്പോള്‍ വലിയ ഹിറ്റായി. രണ്ടാം ഭാഗത്തില്‍ അജിത് പൊലീസ് വേഷം ഉപേക്ഷിച്ച കഥാപാത്രമായിരിക്കും. ഞാന്‍ ഒരു നല്ല തിരക്കഥയുമായി സമീപിച്ചാല്‍ അജിത്തും സമ്മതിക്കുമെന്നാണ് പ്രതീക്ഷ" - ഗൌതം മേനോന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :