മോഹന്‍ലാലും മമ്മൂട്ടിയും തമ്മില്‍ നടക്കുന്ന മത്സരം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി മലയാള സിനിമാ പ്രേക്ഷകര്‍ കാണാന്‍ തുടങ്ങിയതാണ്. അത് ആരോഗ്യകരമായ മത്സരമായിരുന്നു. എന്നാല്‍ ഒറ്റച്ചിത്രത്തിലൂടെ താരമായി മാറിയ, മമ്മൂട്ടിയുടെ മകന്‍ ദുക്കര്‍ സല്‍മാനും യൂണിവേഴ്സല്‍ സ്റ്റാറും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം എല്ലാ സീമകളും ലംഘിക്കുകയാണ്.
മോഹന്‍ലാലിന്‍റെ ‘കാസനോവ’യെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് എറണാകുളത്തെ ഒരു തിയേറ്റര്‍ കോംപ്ലക്സിനെതിരെ ദുല്‍ക്കര്‍ സല്‍മാന്‍ രംഗത്തെത്തി. തന്‍റെ ‘സെക്കന്‍റ് ഷോ’ എന്ന ഹിറ്റ് ചിത്രത്തെ മാറ്റിനിര്‍ത്തി ‘കാസനോവ’ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ ഉടമയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലൂടെ ആക്രമണം നടത്തിയിരിക്കുന്നത്.
സരിത തിയേറ്ററില്‍ നിന്ന് സെക്കന്‍റ് ഷോയെ മാറ്റുകയും പകരം ഈ വര്‍ഷത്തെ ‘മെഗാ ഫ്ലോപ്പ് ചിത്രം’ പ്രദര്‍ശിപ്പിക്കുകയും ചെയ്ത നടപടിക്കെതിരെയാണ് ദുല്‍ക്കര്‍ രോഷം കൊള്ളുന്നത്. സെക്കന്‍റ് ഷോയെ ഒഴിവാക്കിയ നടപടിക്കെതിരെ സരിതയ്ക്ക് മുന്നില്‍ പതിച്ച ഒരു പോസ്റ്ററിന്‍റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു ദുല്‍ക്കര്‍. അതിന് ശേഷം ദുല്‍ക്കറിന്‍റെ കുറിപ്പ് ഇങ്ങനെയാണ്:
“ഇതൊരു ഫാന്‍ വാറിന് ഉള്ളതല്ല... എന്നാലും നല്ല ഒരു സിനിമയെ തിയേറ്റര്‍ മാനേജ്മെന്‍റ് അവഗണിക്കുന്നത് ശരിയാണോ... നല്ല സിനിമ വരാത്തതുകൊണ്ടാണ് തമിഴ് സിനിമ എടുക്കുന്നത് എന്ന് വിളിച്ചു പറഞ്ഞ ഇതേ മാനേജ്മെന്‍റ് ഒരു കൊച്ചു സിനിമയോട് ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ..?”
മോഹന്‍ലാലിനെതിരെ പരസ്യമായ യുദ്ധത്തിന് മമ്മൂട്ടി പോലും തയ്യാറായിട്ടില്ല എന്ന വസ്തുത നിലനില്‍ക്കെയാണ് ദുല്‍ക്കര്‍ സല്‍മാന്‍റെ ഈ പടപ്പുറപ്പാട്.
ചിത്രത്തിന് കടപ്പാട് - ദുല്‍ക്കര്‍ സല്‍മാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
അടുത്ത പേജില്‍: ദുല്‍ക്കറിനൊപ്പം അഭിനയിക്കുന്നില്ല - മോഹന്‍ലാല്‍