Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (14:37 IST)
കഴിഞ്ഞ ദിവസം താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹി യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഇന്നസെന്‍റിനെ വീണ്ടും അമ്മയുടെ പ്രസിഡന്‍റായി തെരഞ്ഞെടുത്ത യോഗം പക്ഷേ സോഷ്യല്‍ മീഡിയയില്‍ അതുകൊണ്ടൊന്നുമല്ല ചര്‍ച്ചാവിഷയമാകുന്നത്. ജയറാം തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി ചിത്രങ്ങളാണ് വലിയ ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും കാരണമായത്.
ജയറാം പോസ്റ്റ് ചെയ്ത സെല്‍ഫികളില്‍ ജയറാമിനൊപ്പം മമ്മൂട്ടി, ദിലീപ്, ഇന്ദ്രജിത്ത്, ലാലു അലക്സ് തുടങ്ങിയവരാണ് നിറഞ്ഞുനില്‍ക്കുന്നത്. 'മോഹന്‍ലാല്‍ എവിടെ?' എന്ന രീതിയില്‍ ചോദ്യങ്ങളുയര്‍ത്തി ലാല്‍ ആരാധകര്‍ ജയറാമിന്‍റെ ഫേസ്ബുക്ക് പേജില്‍ കമന്‍റുകള്‍ കൊണ്ട് നിറച്ചു. പരസ്പരം ചെളിവാരിയെറിയലും വെല്ലുവിളികളും മുദ്രാവാക്യം മുഴക്കലുമൊക്കെയായപ്പോല്‍ ജയറാം തന്നെ നേരിട്ട് കമന്‍റ് ചെയ്തു.
"മോഹന്‍ലാലിനെപ്പോലെ ഒരു ഇതിഹാസതാരത്തെ ഇന്‍സള്‍ട്ട് ചെയ്യാന്‍ എന്‍റെ പേജ് ഉപയോഗിക്കരുത്. മോഹന്‍ലാല്‍ ആബ്സന്‍റ് ആയിരുന്നു" - ഇതായിരുന്നു ജയറാമിന്‍റെ കമന്‍റ്. ജയറാമിന്‍റെ മറുപടിയോടെ ആരാധകര്‍ അല്‍പ്പമൊന്ന് അടങ്ങുകയും ചെയ്തു.
ഇപ്പോഴിതാ നടന്‍ യദുകൃഷ്ണന്‍റെ ഫേസ്ബുക്ക് പേജിലെ ഒരു സെല്‍ഫി വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നു. മോഹന്‍ലാലും താനും ചേര്‍ന്നു നില്‍ക്കുന്ന ഒരു സെല്‍ഫിയാണ് യദു തന്‍റെ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'നമ്മുടെ സ്വന്തം ലാലേട്ടനൊപ്പം ഇന്ന് അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ്' എന്നാണ് യദുകൃഷ്ണന്‍ സെല്‍ഫിയുടെ അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. ഇതും ലാല്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
താരമത്സരങ്ങള്‍ക്ക് സെല്‍ഫി കാരണമാകുന്ന വിചിത്രമായ കാഴ്ചയ്ക്ക് സോഷ്യല്‍ മീഡിയകളിലൂടെ സിനിമാലോകം സാക്‍ഷ്യം വഹിക്കുകയാണ്.