മാറ്റ്‌റാനില്‍ എനിക്ക് ഇരട്ടവേഷമല്ല: സൂര്യ

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ‘മാറ്റ്‌റാന്‍‘ എന്ന തമിഴ് ചിത്രം തെന്നിന്ത്യന്‍ സിനിമാലോകമാകെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ചിത്രത്തില്‍ സയാമീസ് ഇരട്ടകളായ നായകന്‍‌മാരായി അഭിനയിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സിനിമയുടെ ആദ്യ ട്രെയിലര്‍ പുറത്തുവന്നതോടെ സൂര്യയുടെ ഇരട്ടവേഷങ്ങള്‍(Conjoined Twins) കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ വര്‍ദ്ധിച്ചിരിക്കുകയാണ്.

ഏകദേശം ഒരു വര്‍ഷത്തോളമായി മാറ്റ്‌റാന്‍റെ ചിത്രീകരണം ആരംഭിച്ചിട്ട്. ഗ്രാഫിക്സിന്‍റെ അനന്തസാധ്യതകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം ഒട്ടേറെ വിദേശ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്.

സയാമീസ് ഇരട്ടകളായ വിമലന്‍, അഖിലന്‍ എന്നീ കഥാപാത്രങ്ങളായാണ് സൂര്യ അഭിനയിക്കുന്നത്. വിമലന്‍ വളരെ നല്ല സ്വഭാവമുള്ളയാളാണ്. ജിബ്രാന്‍, ഭാരതി കവിതകളൊക്കെ ആസ്വദിച്ച് ജീവിക്കുന്ന വളരെ നന്‍‌മയുള്ള കഥാപാത്രം. എന്നാല്‍ അഖിലനാകട്ടെ കുടിച്ച് കൂത്താടി നടക്കുന്ന, സര്‍വവിധ മോശം സ്വഭാവങ്ങളുടെയും ബ്രാന്‍ഡ് അംബാസിഡറാണ്. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ രസകരമായ ആവിഷ്കാരമാണ് മാറ്റ്‌റാന്‍. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക.

എന്നാല്‍ ഈ സിനിമയില്‍ തനിക്ക് ഇരട്ടവേഷമല്ലെന്നാണ് ഇപ്പോള്‍ സൂ‍ര്യ പറയുന്നത്. ഇതുകേട്ട് നെറ്റിചുളിക്കേണ്ട. സൂര്യയുടെ വാക്കുകള്‍ തന്നെ ശ്രദ്ധിക്കൂ - “ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ ഇരട്ടകള്‍ ആണെന്ന് നേരായ അര്‍ത്ഥത്തില്‍ പറയാം. എന്നാല്‍ ഇവരുടെ ശരീരങ്ങള്‍ തമ്മില്‍ ഒട്ടിയിരിക്കുകയാണ്. സയാമീസ് ഇരട്ടകളാണ്. അതുകൊണ്ടുതന്നെ ഒറ്റ ഒരാള്‍ തന്നെയാണ് ഇതെന്നാണ് എനിക്കു തോന്നുന്നത്” - സൂര്യ വ്യക്തമാക്കി.

സയാമീസ് ഇരട്ടകളെ വേര്‍പെടുത്തിയ വാര്‍ത്തകളൊക്കെ സാധാരണയായി കേള്‍ക്കാറുണ്ട്. മാറ്റ്‌റാനിലെ സയാമീസ് ഇരട്ടകളെയും ചിത്രത്തില്‍ വേര്‍പെടുത്തുന്നുണ്ടോ? - “ഈ സിനിമയെക്കുറിച്ച് ഇപ്പോഴാണ് വിവരങ്ങള്‍ പുറത്തുവിട്ടുതുടങ്ങിയത്. ഇപ്പോള്‍ തന്നെ നിങ്ങള്‍ ക്ലൈമാക്സിനെക്കുറിച്ച് ചോദിച്ചാല്‍ എന്താണ് പറയാന്‍ കഴിയുക?” - മാധ്യമപ്രവര്‍ത്തകരോട് സൂര്യ തിരിച്ചുചോദിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :