മാറ്റം വരും, ഷാജി കൈലാസിനുപോലും. തമ്പുരാന്‍ കഥാപാത്രങ്ങളുടെ തലതൊട്ടപ്പനായ രഞ്ജിത് മാറിയില്ലേ?. ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന ബിഗ് ബജറ്റ് മൂവി റിലീസായതിന് ശേഷം ഷാജി കൈലാസ് പറയുന്നതുകേട്ടോ? - തനിക്ക് റൊമാന്‍റിക് സിനിമകള്‍ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന്!
കുറച്ചുനാള്‍ മുമ്പ് ഷാജി കൈലാസ് ഒരു തിരക്കഥ ആവശ്യപ്പെട്ടുകൊണ്ട് രഞ്ജിത്തിനെ വിളിച്ചു. അപ്പോള്‍ രഞ്ജിത് പറഞ്ഞ മറുപടി ഇതായിരുന്നു - “ഞാന്‍ മാറിയതുപോലെ നീയും ഒരു മാറ്റത്തിന് തയ്യാറായാല്‍ ഞാന്‍ നിനക്ക് തിരക്കഥ തരാം.”
എന്തായാലും ഷാജി കൈലാസ് മാറുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ‘സിംഹാസനം’ എന്ന സിനിമയാണ് ഷാജി ഇനി ചെയ്യുന്നത്. നാടുവാഴികള്‍ എന്ന പഴയ മെഗാഹിറ്റിന്‍റെ റീമേക്കാണിത്. ഇതിന് ശേഷം കരിയറില്‍ വലിയ മാറ്റത്തിനാണ് ഷാജി തയ്യാറെടുക്കുന്നത്.
“എനിക്കൊരു പ്രണയകഥ പറയുന്ന സിനിമ സംവിധാനം ചെയ്യണം. റൊമാന്‍റിക് സിനിമകള്‍ എനിക്കിഷ്ടമാണ്. ഒരു നല്ല പ്രണയചിത്രം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം എനിക്കുണ്ട്. എന്നാല്‍ ഞാന്‍ ഒരു പ്രണയകഥ ചെയ്താല്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല” - ഷാജി കൈലാസ് പറയുന്നു.