ഭഗത്തും ഇന്ത്യാവിഷന്‍ ഉപേക്ഷിക്കുന്നു

WEBDUNIA|
PRO
നികേഷ് കുമാറിന് പിന്നലെ ഇന്ത്യാവിഷനിലെ മറ്റൊരു പ്രമുഖന്‍ കൂടി ചാനല്‍ വിടുന്നു. ഇന്ത്യാവിഷന്‍ ന്യൂസ്‌ എഡിറ്റര്‍ ഭഗത് ചന്ദ്രശേഖറാണ് ഇന്ത്യാവിഷന്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നത്. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ്‌ രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ എസ്‌ ജഗന്‍മോഹന്‍ റെഡ്ഡി ചെയര്‍മാനായുള്ള സാക്ഷി മീഡിയാഗ്രൂപ്പ് ഉടന്‍ മലയാളത്തില്‍ ആരംഭിക്കുന്ന ‘സാക്ഷി ടി വി’യുടെ തലപ്പത്തേക്കാണ് ഭഗത് ചന്ദ്രശേഖര്‍ പോകുന്നത്.

ഇതുമായി ബന്ധപ്പെട്ട് സാക്ഷിയുടെ ബാംഗ്ലൂര്‍ ഓഫീസിലെത്തി ഭഗത് രണ്ടുതവണ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 2011 തുടക്കത്തില്‍ മലയാളത്തില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന സാക്ഷി ടി വിയുടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആന്ധ്രയിലെ വന്‍ മീഡിയാ ഗ്രൂപ്പ് ആണ് സാക്ഷി. ആന്ധ്രയില്‍ സാക്ഷി ദിനപ്പത്രത്തിന് 11 ലക്ഷത്തിലധികം കോപ്പി പ്രചാരമുണ്ട്. 23 എഡിഷനുകളും ഇതിനുണ്ട്.

ഇന്ത്യാവിഷന്‍റെ രാത്രി ഒമ്പതു മണിക്കുള്ള ന്യൂസ് നൈറ്റിന്‍റെ പ്രധാന അവതാരകനാണ് ഭഗത് ചന്ദ്രശേഖര്‍‍. മുഖാമുഖം, ജനസഭ തുടങ്ങിയ പ്രധാന പരിപാടികളും ഭഗത് അവതരിപ്പിക്കുന്നുണ്ട്. ഭഗത് കൂടി പടിയിറങ്ങുന്നതോടെ ഇന്ത്യാവിഷന്‍റെ അവസ്ഥ കൂടുതല്‍ പരുങ്ങലിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യാവിഷന്‍ സി ഒ ഒ ആയിരുന്ന നികേഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള ‘റിപ്പോര്‍ട്ടര്‍’ എന്ന ടെലിവിഷന്‍ ചാനല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :