ഗള്‍ഫ് മരുഭൂമികളില്‍ ആടുകളുടെ കാവല്‍ക്കാരനായി പുറംലോകം കാണാതെയും ഭക്ഷണം കഴിക്കാതെയും കുളിക്കാതെയും അടിമജീവിതം അനുഭവിക്കേണ്ടിവന്ന ചെറുപ്പക്കാരന്‍റെ കഥ. വിധിയുടെ ചതിക്കുഴിയില്‍ പെട്ട് അവന് അടിമയായി മാറേണ്ടിവരുമ്പോഴുണ്ടാകുന്ന മാനസികാഘാതങ്ങള്‍. അവന്‍റെ ചിന്തകള്‍. ഇതെല്ലാം ‘ആടുജീവിതം’ എന്ന ബെന്യാമിന്‍ കൃതിയിലൂടെ മലയാളത്തിലെ വായനക്കാര്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ബ്ലെസി ഈ നോവല്‍ സിനിമയാക്കുന്നു എന്ന വാര്‍ത്ത കുറേനാള്‍ മുമ്പ് മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്. എന്നാല്‍ ഇടയ്ക്ക് ചില തടസങ്ങളുണ്ടായി. അതിന് ശേഷം ബ്ലെസി ‘കളിമണ്ണ്’ എന്ന ചിത്രത്തിന്‍റെ തിരക്കിലുമായി.
ശ്വേതയുടെ പ്രസവം ചിത്രീകരിച്ച് വിവാദത്തിലായ ‘കളിമണ്ണ്’ ചിത്രീകരണം ഏതാണ്ട് അവസാന ഘട്ടത്തിലാണ്. കളിമണ്ണ് കഴിഞ്ഞാല്‍ ബ്ലെസിയുടെ സിനിമ ഏതായിരിക്കും എന്ന അന്വേഷണത്തിനൊടുവില്‍ വീണ്ടും ‘ആടുജീവിതം’ തെളിയുകയാണ്. ഈ പ്രൊജക്ട് ആയിരിക്കും ബ്ലെസി അടുത്തതായി ചെയ്യാന്‍ പോകുന്നത് എന്ന സൂചനകള്‍ ലഭിക്കുന്നു.
കോണ്‍ഫിഡന്‍റ് ഗ്രൂപ്പാണ് ആടുജീവിതം നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. “ആടുജീവിതം ഞാന്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. മനുഷ്യനും മൃഗവും ഒന്നായിത്തീരുന്ന ഒരു അവസ്ഥയെയാണ് ആ നോവലില്‍ ഞാന്‍ ദര്‍ശിച്ചത്. ആ അവസ്ഥയെ, അനുഭവത്തെ സിനിമയിലേക്ക് പകര്‍ത്തുക എന്നതാണ് വെല്ലുവിളി” - ബ്ലെസി പറയുന്നു.