Last Modified വ്യാഴം, 19 നവംബര്‍ 2015 (18:22 IST)
ആ സസ്പെന്‍സ് ഇവിടെ അവസാനിക്കുകയാണ്. ഇളയദളപതി വിജയുടെ അറുപതാം ചിത്രത്തിന്‍റെ സംവിധായകന്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായി. ഭരതന്‍ ആണ് ആ ഭാഗ്യവാന്‍. വിജയുടെ അഴകിയ തമിഴ് മകന്‍ സംവിധാനം ചെയ്ത അതേ ഭരതന്‍ തന്നെ. ഭരതന് ഡേറ്റ് നല്‍കാന്‍ വിജയ് തീരുമാനിച്ചതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു.
എസ് ജെ സൂര്യ, മോഹന്‍രാജ, പ്രഭുദേവ, ഹരി, കാര്‍ത്തിക് സുബ്ബുരാജ്, ശശികുമാര്‍, സമുദ്രക്കനി, എ ആര്‍ മുരുഗദോസ് തുടങ്ങിയ സംവിധായകരാണ് ഭരതനെക്കൂടാതെ വിജയ്ക്ക് തിരക്കഥയുടെ വണ്‍ലൈന്‍ നല്‍കിയ ശേഷം അനുകൂല മറുപടിക്കായി കാത്തിരുന്നത്. എന്നാല്‍ ഭരതന്‍ രചിച്ച അടിപൊളി സ്ക്രിപ്റ്റ് വായിച്ച വിജയ് മറ്റെല്ലാവരെയും ക്യൂവില്‍ തന്നെ നിര്‍ത്തി ഭരതന് ഡേറ്റ് നല്‍കുകയായിരുന്നു. തിരക്കഥ വിജയെ ആവേശഭരിതനാക്കിയത്രേ. ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറിന്‍റെ തിരക്കഥയാണ് ഭരതന്‍ നല്‍കിയത്. അതോടെ ഇതാദ്യം ചെയ്യാമെന്നുള്ള തീരുമാനത്തില്‍ വിജയ് എത്തുകയായിരുന്നു. മദി ക്യാമറ ചലിപ്പിക്കുന്ന സിനിമ വിജയ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കും. എ ആര്‍ റഹ്‌മാന്‍ ആയിരിക്കും സംഗീതം. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.
ഭരതന്‍റെ സ്ക്രിപ്റ്റ് കൂടാതെ വിജയ്ക്ക് ഏറെ ഇഷ്ടപ്പെട്ടത് എസ് ജെ സൂര്യ, മോഹന്‍രാജ എന്നിവര്‍ നല്‍കിയ വണ്‍ലൈനുകളാണ്. ഭാവിയില്‍ ഈ സംവിധായകര്‍ക്കും വിജയ് ഡേറ്റ് നല്‍കുമെന്നാണ് അറിയുന്നത്.
2007ലാണ് ഭരതന്‍ സംവിധാനം ചെയ്ത വിജയ് ചിത്രം അഴകിയ തമിഴ് മകന്‍ റിലീസാകുന്നത്. ഒരു റൊമാന്‍റിക് സൈക്കോളജിക്കല്‍ ത്രില്ലറായിരുന്ന സിനിമ പക്ഷേ ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിച്ചില്ല. എന്നാല്‍ എ ആര്‍ റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങളെല്ലാം വന്‍ ഹിറ്റുകളായിരുന്നു. സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു അഴകിയ തമിഴ് മകന്‍ നിര്‍മ്മിച്ചത്.
വിജയുടെ മെഗാഹിറ്റ് സിനിമയായ ഗില്ലിയുടെ സംഭാഷണരചന നടത്തിയത് ഭരതനാണ്. അജിത്തിന്‍റെ സൂപ്പര്‍ഹിറ്റ് വീരത്തിന് സംഭാഷണങ്ങളെഴുതിയതും ഭരതനായിരുന്നു.