Last Updated:
ചൊവ്വ, 16 ഡിസംബര്‍ 2014 (15:25 IST)
തമിഴകത്തിന്‍റെ എക്കാലത്തെയും മികച്ച സിനിമാ സംവിധായകന്‍ കെ ബാലചന്ദറുടെ നില ഗുരുതരമായി തുടരുകയാണ്. കടുത്ത പനിയും പ്രായാധിക്യം കൊണ്ടുള്ള അസുഖങ്ങളും കാരണം ബാലചന്ദറെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബാലചന്ദര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ബാലചന്ദര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടുള്ള ഒരു വീഡിയോ ഉലകനായകന്‍ കമല്‍ഹാസന്‍ അപ്‌ലോഡ് ചെയ്തു. ഉത്തമവില്ലന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി ബന്ധപ്പെട്ട് ലോസാഞ്ചലസിലാണ് കമല്‍ ഇപ്പോഴുള്ളത്.
"ഞാന്‍ ലോസാഞ്ചലസില്‍ നിന്ന് ചെന്നൈയിലേക്ക് പറന്നുവന്നിട്ട് ഒന്നും ചെയ്യാനില്ലെന്നും എന്‍റെ ഡോക്ടറേറ്റ് പദവി ഇവിടെ ആവശ്യമില്ലെന്നുമാണ് എന്‍റെ സഹോദരന്‍ എന്നോട് പറഞ്ഞത്. മാത്രമല്ല, ഉത്തമവില്ലന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ക്കാതെ ഞാന്‍ കാണാന്‍ ചെന്നാല്‍ അത് ബാലചന്ദറിന് ഇഷ്ടമാകുകയുമില്ല" - കമല്‍ഹാസന്‍ പറയുന്നു.
ബാലചന്ദറുമായി കമല്‍ ഫോണില്‍ സംസാരിച്ചെങ്കിലും എന്താണ് ബാലചന്ദര്‍ പറഞ്ഞതെന്ന് കമലിന് വ്യക്തമായില്ല. "130 സെക്കന്‍റുകള്‍ നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹം എന്താണ് എന്നോട് പറയാന്‍ ശ്രമിച്ചതെന്ന് അറിയാന്‍ അതിയായ ആഗ്രഹമുണ്ട്. മാത്രമല്ല, ഉത്തമവില്ലന്‍ അദ്ദേഹം കാണണമെന്നും ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നു" - കമല്‍ പറഞ്ഞു.