പൊട്ടിപ്പൊളിഞ്ഞ ‘4 ഫ്രണ്ട്സ്’ ഇനി തമിഴില്‍!

WEBDUNIA|
PRO
സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘4 ഫ്രണ്ട്സ്’ കഴിഞ്ഞ വര്‍ഷത്തെ ബോക്സോഫീസ് ദുരന്തമാണ്. ജയറാം, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍ എന്നിവര്‍ അഭിനയിച്ച ഈ സിനിമയില്‍ കമലഹാസന്‍ അതിഥിവേഷത്തിലെത്തിയിരുന്നു. ബിഗ് ബജറ്റ് സിനിമയായതുകൊണ്ട് ബോക്സോഫീസിലെ വീഴ്ചയും അത്രയും കനത്തതായിരുന്നു.

പുതിയ വാര്‍ത്ത, ‘4 ഫ്രണ്ട്സ്’ തമിഴിലേക്ക് മൊഴിമാറ്റിയെത്തുന്നു എന്നതാണ്. കമലഹാസന്‍ അതിഥിവേഷത്തിലെത്തുന്നതാണ് ചിത്രത്തിന്‍റെ മൊഴിമാറ്റ സാധ്യതയെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ചിന്തിക്കാന്‍ കാരണം. ‘അന്‍‌പുള്ള കമല്‍’ എന്നാണ് ചിത്രത്തിന് പേരുപോലും നല്‍കിയിരിക്കുന്നത്.

കാന്‍സര്‍ ബാധിതരായ നാലു സുഹൃത്തുക്കളുടെ കഥയാണ് 4 ഫ്രണ്ട്സ്. ഇതില്‍ അവതരിപ്പിക്കുന്ന അമീര്‍ എന്ന കഥാപാത്രം ഒരു കമലഹാസന്‍ പ്രേമിയാണ്. ഇവര്‍ അവിചാരിതമായി എയര്‍പോര്‍ട്ടില്‍ വച്ച് കമലഹാസനെ കണ്ടുമുട്ടുന്നു. കാന്‍സര്‍ രോഗത്തില്‍ മനസ് തളരരുതെന്നും ജീവിതം ആഘോഷിക്കണമെന്നും അദ്ദേഹം അവരെ ഉപദേശിക്കുന്നു. തുടര്‍ന്ന് അവര്‍ ഒരു യാത്ര പോകുകയാണ്.

കമലഹാസന്‍റെ വലിയ പോസ്റ്ററുകള്‍ അടിച്ചുകൊണ്ടായിരിക്കും ‘അന്‍‌പുള്ള കമല്‍’ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഒരു കമലഹാസന്‍ സിനിമ എന്ന പ്രതീതിയുളവാക്കി എങ്ങനെയെങ്കിലും തമിഴകത്ത് ചിത്രം ക്ലിക്ക് ചെയ്യിക്കാനാകുമോ എന്നാണ് ശ്രമം. ചിത്രത്തില്‍ കമലഹാസന്‍ മലയാളമാണ് പറയുന്നത്. തമിഴിലേക്ക് മൊഴിമാറ്റുമ്പോള്‍ കമലിന്‍റെ ഡയലോഗുകള്‍ കമല്‍ തന്നെ ഡബ്ബ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോര്‍ഗന്‍ ഫ്രീമാനും ജാക്ക് നിക്കോള്‍സണും തകര്‍ത്തഭിനയിച്ച ‘ദി ബക്കറ്റ് ലിസ്റ്റ്’ എന്ന ക്ലാസിക് ചിത്രത്തിന്‍റെ വികൃതമായ അനുകരണമായിരുന്നു 4 ഫ്രണ്ട്സ്. കൃഷ്ണ പൂജപ്പുരയായിരുന്നു തിരക്കഥ രചിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :