മോഹന്‍ലാലും ജയറാമും ദിലീപും - അജയന്‍സ്!

WEBDUNIA|
PRO
നടന്‍ കുഞ്ചാക്കോ ബോബന്‍ അടുത്തിടെ പറഞ്ഞത് താന്‍ അഞ്ചു തവണയെങ്കിലും ‘എബി’ എന്നുപേരുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു എന്നാണ്. ‘ബാലന്‍’ എന്ന് പേരുള്ള കഥാപാത്രങ്ങളെ മമ്മൂട്ടിയും മോഹന്‍ലാലും എത്ര തവണ അവതരിപ്പിച്ചിരിക്കുന്നു എന്നത് പെട്ടെന്ന് കണക്കുകൂട്ടാന്‍ പറ്റില്ല.

കൌതുകകരമായ പുതിയ സംഗതി, മോഹന്‍ലാലും ജയറാമും ദിലീപും തങ്ങളുടെ പുതിയ സിനിമകളില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേര് ഒന്നുതന്നെയാണ് എന്നതാണ്. സത്യന്‍ അന്തിക്കാടിന്‍റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലും കമലിന്‍റെ പുതിയ ചിത്രത്തില്‍ ജയറാമും വെള്ളിയാഴ്ച റിലീസാകുന്ന ‘ഓര്‍മ്മ മാത്രം’ എന്ന സിനിമയില്‍ ദിലീപും ‘അജയന്‍’ എന്നു പേരുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

സത്യന്‍ - മോഹന്‍ലാല്‍ ചിത്രത്തിന് താല്‍ക്കാലികമായി ‘അമ്മുക്കുട്ടിയമ്മയുടെ അജയന്‍’ എന്നു പേരുപോലും നല്‍കിയിട്ടുണ്ട്. ഈ സിനിമയില്‍ മോഹന്‍ലാല്‍ ഒരു പ്രവാസിയാണ്. അയാള്‍ നാട്ടില്‍ തിരിച്ചെത്തി പുതിയൊരു ജീവിതം തുടങ്ങാന്‍ ശ്രമിക്കുന്നു.

കമലിന്‍റെ പുതിയ സിനിമയില്‍ ജയറാം അവതരിപ്പിക്കുന്ന അജയചന്ദ്രന്‍ നായര്‍ എന്ന കഥാപാത്രവും ഒരു പ്രവാസിയാണ്. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തി അയാള്‍ നാട്ടില്‍ ഭാഗ്യാന്വേഷണം നടത്തുകയാണ്.

ഇവരില്‍ നിന്ന് വ്യത്യസ്തനാണ് ‘ഓര്‍മ്മ മാത്രം’ എന്ന മധു കൈതപ്രം സിനിമയില്‍ ദിലീപ് അവതരിപ്പിക്കുന്ന അജയന്‍ എന്ന കഥാപാത്രം. അയാള്‍ നഷ്ടപ്പെട്ടുപോയ മകനെ തേടിയുള്ള അലച്ചിലിലാണ്.

കുടുംബബന്ധങ്ങളുടെ ഈര്‍പ്പം നനഞ്ഞ കഥകളാണ് ഈ മൂന്നു ചിത്രങ്ങളും പറയുന്നത്. അജയന്‍‌മാരെല്ലാവരും ചേര്‍ന്ന് മലയാളിക്ക് നല്ല സിനിമാ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :