Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (14:32 IST)
‘എന്ന് നിന്‍റെ മൊയ്തീന്‍’ എന്ന സിനിമയില്‍ യഥാര്‍ത്ഥത്തില്‍ സംഗീതസംവിധാനം നിര്‍വഹിക്കേണ്ടിയിരുന്നത് എം ജയചന്ദ്രനായിരുന്നില്ല. അത് രമേശ് നാരായണന്‍ ആയിരുന്നു. രമേശ് നാരായണന്‍ ചില പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തുകഴിഞ്ഞതുമാണ്. എന്നാല്‍ ആ പാട്ടുകളില്‍ തൃപ്തിവരാതെ പൃഥ്വിരാജ് എം ജയചന്ദ്രനെ പ്രൊജക്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.
രമേശ് നാരായണന്‍ പാട്ടുചെയ്ത ഒരു സിനിമയില്‍ ചില പാട്ടുകള്‍ക്ക് ഈണം നല്‍കണമെങ്കില്‍ അതിന് രമേശ് നാരായണന്‍റെ അനുവാദം വേണമെന്ന് മാത്രമായിരുന്നു എം ജയചന്ദ്രന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിബന്ധന വച്ചത്. അദ്ദേഹത്തിന്‍റെ അനുവാദത്തിനായി വിളിച്ചപ്പോള്‍, തനിക്കൊരു പ്രശ്നവുമില്ലെന്നും ഈ ഓഫര്‍ സ്വീകരിച്ചോളൂ എന്നും ജയചന്ദ്രനോട് രമേശ് നാരായണന്‍ പറഞ്ഞു.
അങ്ങനെ ചെയ്ത പാട്ടാണ് ‘കാത്തിരുന്ന് കാത്തിരുന്ന്...’. ശ്രേയാ ഘോഷാല്‍ പാടിയ ആ ഗാനത്തിലൂടെ എം ജയചന്ദ്രന് ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരിക്കുകയാണ്.
മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരമാകട്ടെ ഈ ചിത്രത്തിലെ തന്നെ സംഗീതം നിര്‍വഹിച്ചതിന് രമേശ് നാരായണന് ലഭിച്ചു എന്നത് കൌതുകകരമായ വസ്തുത!