നിവിന്‍ പോളിയുടെ വിജയത്തിന് കാരണം പൃഥ്വിരാജിന്‍റെ ഉപദേശം!

നിവിന്‍ പോളി, പൃഥ്വിരാജ്, ഇവിടെ, പ്രേമം, ദിലീപ്
Last Modified ശനി, 13 ജൂണ്‍ 2015 (13:28 IST)
ബോളിവുഡിലെ മെഗാ സംവിധായകന്‍ രോഹിത് ഷെട്ടി പറയുന്ന ഒരു കാര്യമുണ്ട് - ‘സിനിമയില്‍ എല്ലാവരും നിങ്ങളുടെ സുഹൃത്തുക്കളാകും, നിങ്ങള്‍ വിജയിച്ചുനില്‍ക്കുന്ന ആളാണെങ്കില്‍. ഒന്നോ രണ്ടോ ഫ്ലോപ്പുകള്‍ വന്നാല്‍, ഈ പറയുന്ന സുഹൃത്തുക്കള്‍ ചിലപ്പോള്‍ കണ്ടാല്‍ പോലും നിങ്ങളെ തിരിച്ചറിയില്ല.’ 99 ശതമാനവും സത്യമായ ഒരു കാര്യമാണത്. എന്നാല്‍, അപൂര്‍വം ചില സൌഹൃദങ്ങള്‍ സിനിമാലോകത്തും കണ്ടെത്താനാകും.

വിജയിച്ചുനില്‍ക്കുന്ന ഒരു സഹതാരത്തോട് മറ്റൊരു താരത്തിന് ചിലപ്പോള്‍ ശത്രുത തോന്നാം. അസൂയ തോന്നാം. പാരവയ്ക്കാം. അതൊക്കെ സിനിമാലോകത്ത് സ്വാഭാവികമാണ്. എന്നാല്‍ വിജയിച്ചുനില്‍ക്കുന്ന ഒരു താരത്തെ വിലപ്പെട്ട ഒരുപദേശം നല്‍കി വലിയ വിജയത്തിലേക്ക് നയിക്കുന്ന മറ്റൊരു താരത്തേക്കുറിച്ച് കേട്ടാല്‍, നിലവിലെ സിനിമാ സാഹചര്യങ്ങള്‍ മനസിലാകുന്ന ആര്‍ക്കും അതൊരു അത്ഭുതമായിരിക്കും.

നിവിന്‍ പോളി ഇന്ന് ജ്വലിച്ചുനില്‍ക്കുന്ന താരമാണ്. സമകാലികരായ യുവതാരങ്ങളെയൊക്കെ പിന്നിലാക്കി സൂപ്പര്‍സ്റ്റാര്‍ പദവിയിലും നിവിന്‍ എത്തിപ്പെട്ടിരിക്കുന്നു. ആ നിവിന്‍ ‘വനിത’യ്ക്കനുവദിച്ച അഭിമുഖത്തില്‍ പറയുന്ന ഒരു കാര്യം കേട്ടോ?

“ഒരുദിവസം പൃഥ്വിരാജ് എന്നോടുപറഞ്ഞു - ‘നിവിന്‍റെ സിനിമകളെല്ലാം ഹിറ്റാണ്. തുടര്‍ച്ചയായി ഹിറ്റുകള്‍ വരുമ്പോള്‍ നമുക്ക് വിജയത്തിന്‍റെ ചില ചേരുവകള്‍ പിടികിട്ടും. അപ്പോള്‍ എല്ലാ സിനിമകളിലും ആ ചേരുവകള്‍ ചേര്‍ക്കാന്‍ നോക്കും. ഇവിടെ പാട്ടുവേണം, ഇവിടെ പ്രണയം വേണം എന്നൊക്കെ തോന്നും. ഒടുവില്‍ എല്ലാ സിനിമകളും ഒരുപോലെയിരിക്കും. അങ്ങനെ ഒരിക്കലും ചെയ്യരുത്. നമുക്കിഷ്ടം തോന്നുന്ന സിനിമകള്‍ ചെയ്യുക. ചില സിനിമകള്‍ വിജയിക്കും. ചില സിനിമകള്‍ പരാജയപ്പെടും’ - പൃഥ്വിരാജ് നല്‍കിയത് വളരെ വിലപ്പെട്ട ഉപദേശമായിരുന്നു. മുമ്പ് സിനിമ ഇറങ്ങുന്ന ദിവസം എനിക്ക് ടെന്‍ഷനാണ്. ഒരു സിനിമ പരാജയപ്പെട്ടാല്‍ എങ്ങനെ ആളുകളെ അഭിമുഖീകരിക്കും എന്ന പേടി. ഇപ്പോള്‍ അതൊന്നുമില്ല. നമ്മള്‍ നന്നായി ശ്രമിക്കുക എന്ന ചിന്തയായി.”

എങ്ങനെയുണ്ട് പൃഥ്വിയുടെ ഉപദേശം? വളരെ ആത്മാര്‍ത്ഥമായതും പ്രയോജനപ്രദമായതും എന്നുതോന്നിയില്ലേ? അതാണ് യഥാര്‍ത്ഥ സൌഹൃദം. മലയാള സിനിമയിലെന്നല്ല, ലോക സിനിമയില്‍ പോലും അപൂര്‍വമായി മാത്രം കാണുന്നത്. തന്‍റെ സിനിമയുടെ
വിജയത്തിന്‍റെ ചേരുവകള്‍ ഇവയൊക്കെയാണെന്ന് തെറ്റിദ്ധരിച്ച് മലയാളത്തിലെ ഒരു സൂപ്പര്‍താരം അത്തരം സിനിമകളില്‍ മാത്രം തുടര്‍ച്ചയായി അഭിനയിച്ചതും അമ്പേ പരാജയപ്പെട്ടതും നമ്മുടെ മുമ്പിലുള്ള ഉദാഹരണമാണ്. സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു മാനദണ്ഡമായി പൃഥ്വിയുടെ ഈ ഉപദേശം നിവിന്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് കരുതാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :